വടുതല: ആലുവ അദ്വൈതാശ്രമത്തിൽനിന്ന് ശിവഗിരി മഠത്തിലേക്ക് ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പദയാത്രക്ക് സ്വീകരണം നൽകി കോട്ടൂർ കാട്ടുപുറം പള്ളി മഹല്ല് മാതൃകയായി. ഒരുനൂറ്റാണ്ടിന് മുമ്പ് അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ നേതൃത്തിൽ നടന്ന ലോകമത സമ്മേളനത്തിന്റെ ശതാബ്ദി സ്മരണകൾ ഉയർത്തിയാണ് നൂറിലധികം വരുന്ന ഭക്തർ പദയാത്ര നടത്തുന്നത്. വിഭവസമൃദ്ധമായ പ്രഭാതഭക്ഷണവും നൽകിയാണ് ശ്രീനാരായണ ഭക്തരെ മഹല്ല് നിവാസികൾ സ്വീകരിച്ചത്.
സമൂഹത്തിൽ മതത്തിന്റെ പേരിലും വിശ്വാസ ആചാരങ്ങളുടെ പേരിലും വെറുപ്പും വിദ്വേഷവും വളർത്താൻ ചില ശക്തികൾ ബോധപൂർവം ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കൂടിച്ചേരലുകൾ മാനവസൗഹൃദം ഊട്ടിയുറപ്പിക്കുമെന്ന് മഹല്ല് ജമാഅത്ത് പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ പറഞ്ഞു.
തെക്കൻ കേരളത്തിലെ പ്രബലമായ മഹല്ല് ജമാഅത്തുകളിൽ ഒന്നാണ് വടുതലയിലേത്. മഹല്ലുമായി ബന്ധപ്പെട്ട വിവിധ ക്ഷേമപദ്ധതികൾ ജാതിമത ഭേദമന്യേയാണ് എത്തിക്കുന്നത്. 2018ലെ പ്രളയത്തിൽ കുട്ടനാട്ടിലെ ദുരിതബാധിതർക്കായി കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് തുറന്ന ദുരിതാശ്വാസ ക്യാമ്പ് സംസ്ഥാനത്തിന് മാതൃകയായിരുന്നു. കോവിഡ് കാലത്ത് പ്രയാസം നേരിട്ട പ്രദേശവാസികൾക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനം നടത്തി. ജമാഅത്ത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ സൗഹൃദ സംഗമത്തിൽ പി.എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
ജമാഅത്ത് സീനിയർ ഖതീബ് എൻ.എം. ഷാജഹാൻ മൗലവി, വടുതല സെൻട്രൽ മസ്ജിദ് ഖതീബ് ഷാഹുൽ ഹമീദ് ഇർഫാനി, മഹൽ സെക്രട്ടറി എം. കബീർകുട്ടി, ട്രഷറർ എസ്.കെ. റഹ്മത്തുള്ള, ഹുസൈബ് വടുതല, കെ.എ. മക്കാർ മൗലവി, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ ടി.കെ. മജീദ്, പി.എം. ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ് ജാഥ ക്യാപ്റ്റൻ എം.ഡി. സലിം, ചെയർമാൻ കെ.കെ. ജോഷി, ജനറൽ കൺവീനർ എൻ.കെ. ബൈജു, കോഓഡിനേറ്റർ പി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.