വടുതല: പക്ഷാഘാതത്താൽ ശരീരം തളർന്നിട്ടും 35 വർഷമായി ജീവിതത്തോട് ചേർത്തുവെച്ച കാമറ ഉപേക്ഷിക്കാതെ 61കാരനായ വത്സലൻ. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡിൽ പനക്കത്തറ അൻസാർ മസ്ജിദിനു സമീപം താമസിക്കുന്ന ഇദ്ദേഹത്തിന് 2017ലാണ് പക്ഷാഘാതം ഉണ്ടാകുന്നത്. 2010ൽ പാമ്പിെൻറ കടിയേറ്റ് മരണത്തെ മുഖാമുഖം കണ്ടതാണ്. കഴുത്തിലെ കശേരുകൾക്കിടയിൽ കൃത്രിമ ഡിസ്ക് സ്ഥാപിച്ചതിലുണ്ടായ തകരാറിെൻറ പേരിലും ദുരിതം പേറി. ഇതിൽനിന്നൊക്കെ ലഭിച്ച ആത്മബലമാണ് സ്ട്രോക്കിനെയും ധൈര്യപൂർവം നേരിടാനായതെന്ന് അദ്ദേഹം പറയുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം ഉണ്ടായിട്ടുകൂടി ഫോട്ടോഗ്രഫിയോടും ചിത്രകലയോടുമുള്ള അഭിനിവേശമാണ് ഈ മേഖലതന്നെ തെരഞ്ഞെടുക്കാൻ കാരണം. വടുതല ജങ്ഷനിൽ കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിെൻറ പഴയ വാടകക്കെട്ടിടത്തിൽ കൊച്ചിൻ സ്റ്റുഡിയോ എന്ന പേരിലാണ് കളരിയുടെ തുടക്കം. ജമാഅത്ത് ഭാരവാഹികളിൽനിന്നുണ്ടായ പിന്തുണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് കാരണമായിട്ടുണ്ട്.
പക്ഷാഘാതം അനുഭവപ്പെട്ട ഉടൻ എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെത്തിച്ചിട്ടും കാര്യമായി ചികിത്സ നൽകാത്തവരും ജീവിതം താറുമാറാക്കിയതിന് പങ്കാളികളാണെന്ന് അദ്ദേഹം വ്യസനത്തോടെ പറയുന്നു. ആശുപത്രിയിലേക്ക് നടന്ന് പോയയാൾ അഞ്ചുദിവസം കഴിഞ്ഞ് കിടപ്പുരോഗിയായാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത്. എഴുന്നേറ്റ് നിന്നാൽ പഴംതുണിപോലെ വീണുപോകുന്ന അവസ്ഥ. ഭാര്യയും ഏകമകളുമടങ്ങുന്ന കൊച്ച് കുടുംബത്തിലെ ഏക അത്താണി ശയ്യാവലംബി.
യോഗയിലെ ശ്വസനക്രിയ ചെയ്ത് മനസ്സ് ബലപ്പെടുത്താൻ ശ്രമിച്ചു. വയ്യായ്ക വകവെക്കാതെ ക്രിയാത്മകമായി കാര്യങ്ങൾ പതുക്കെ പരിശീലിക്കാൻ നോക്കി. അങ്ങനെ ഒരു ഭാഗം സാവധാനം ചലിപ്പിക്കാനും ഇടതുകൈകൊണ്ട് കാര്യങ്ങൾ നിർവഹിക്കാമെന്നുമായി. വാക്കിങ് സ്റ്റിക്കിൽ നടക്കാനും ആത്മധൈര്യമായി. ഒരു വർഷത്തോളം കിടന്നപ്പോഴാണ് സ്നേഹിക്കുന്ന ധാരാളം പേരുണ്ടെന്ന് മനസ്സിലായത്. അവർ നൽകിയ പ്രചോദനവും തെൻറ കൈത്തൊഴിലിലേക്ക് തിരിച്ചുനടക്കാൻ പ്രേരണയായിട്ടുണ്ട്.
വത്സലൻ ഭാര്യയോടൊപ്പം നിത്യവും സ്റ്റുഡിയോയിലെത്തി ഇടതുകൈകൊണ്ട് ജോലികൾ ചെയ്യുന്നു. വിവാഹ ആൽബങ്ങൾ, വിഡിയോ എഡിറ്റിങ് എന്നിവ ചെയ്യും. ബെർത്ത്ഡേ പാർട്ടിപോലെ ചെറിയ പരിപാടികൾ പിടിക്കാൻ പോകുന്നു.
മൊബൈലും പുതിയ സാങ്കേതികതയും ഫോട്ടോഗ്രഫിയെ തളർത്തിയിട്ടുണ്ടെങ്കിലും 35 വർഷമായി ചെയ്തുവരുന്ന ഈ മേഖലയിൽനിന്ന് കിട്ടുന്ന തുച്ഛവരുമാനം സന്തോഷദായകം. തെൻറ വരുമാനത്തിൽ ഒരു വിഹിതം അർബുദ ബാധിതർക്കുള്ളതാണ് സ്റ്റുഡിയോക്ക് മുന്നിൽ ബോർഡ് വെച്ചിട്ടുള്ള അദ്ദേഹം, നിർധന രോഗികൾക്ക് അത് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. സ്വന്തം ജീവിതാനുഭവങ്ങളാണ് ഇത്തരം ജീവകാരുണ്യ പ്രവർത്തനത്തിന് പ്രചോദനമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.