ദേശീയപാത നിർമാണം: ജനവാസ മേഖലയിൽ കോൺക്രീറ്റ് പ്ലാന്റ് സ്ഥാപിക്കുന്നതിൽ പ്രതിഷേധം

പറവൂർ: മാഞ്ഞാലി- മനക്കപ്പടി റോഡിന് സമീപം ജനവാസ മേഖലയിൽ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായ കൂറ്റൻ കോൺക്രീറ്റ് പ്ലാന്റ് സ്ഥാപിക്കുന്നതിൽ നാട്ടുകാർ ഭീതിയിൽ. കോൺക്രീറ്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള നിർമാണ സാമഗ്രികളും വലിയ യന്ത്രങ്ങളും കരുമാല്ലൂർ പഞ്ചായത്ത് അധികൃതരുടെ അനുമതിയില്ലാതെ പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറക്കിയിരിക്കുകയാണ്. ദേശീയപാത കടന്നുപോകുന്നത്​ വരാപ്പുഴ, ആലങ്ങാട്, വടക്കേക്കര, ചിറ്റാറ്റുകര, കോട്ടുവള്ളി എന്നീ പഞ്ചായത്തുകളിലൂടെയാണ്. എന്നാൽ, ഇവിടെയൊന്നും നിർമാണ സാമഗ്രികളും വലിയ മെഷീനുകളും ഇറക്കാതെ കിലോമീറ്ററുകൾ ദൂരെ കരുമാലൂർ മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളജിന് സമീപം ഇവ എത്തിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഇതിന്റെ സമീപത്തായി ഒട്ടേറെ വീടുകൾ, കോളജ്, പള്ളികൾ എന്നിവ സ്ഥിതിചെയ്യുന്നതിനാലും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാലും അനുമതി നൽകിയിട്ടില്ലെന്നു കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി പറഞ്ഞു. കോട്ടപ്പുറം മുതൽ ഇടപ്പിള്ളി വരെ 24 കിലോമീറ്റർ റോഡ് നിർമിക്കാൻ കരാറെടുത്തിരിക്കുന്നത് ഡൽഹി ആസ്ഥാനമായ കമ്പനിയാണ്. യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചു തുടങ്ങിയാൽ പ്രദേശത്ത്​ പുക, പൊടിശല്യം എന്നിവ രൂക്ഷമാകാൻ സാധ്യതയുണ്ട്. ടാർ-കോൺക്രീറ്റ് മിക്സിങ് യൂനിറ്റുകൾ സ്ഥാപിക്കാൻ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇതിന് പുറമെ നിർമാണ തൊഴിലാളികൾക്ക് താമസിക്കാനുള്ള കെട്ടിടങ്ങൾ നിർമിച്ചു വരുകയാണ്. ഇതിന്റെ നിർമാണത്തിനും പഞ്ചായത്തിൽനിന്നും അനുമതി നൽകിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. പടം EA PVR deshiya patha 6 മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളജിന് സമീപം ഇറക്കിയ ടാർ-കോൺക്രീറ്റ് മിക്സിങ് യന്ത്ര സാമഗ്രികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.