കൊച്ചി: ഇരുചക്ര വാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ നിരത്തിൽ കത്തിയെരിയുമ്പോൾ ആശങ്കയിലാണ് ജനം. രണ്ടുമാസത്തിനിടെ നിരവധി വാഹനങ്ങളാണ് ജില്ലയിൽ ഇത്തരത്തിൽ കത്തിനശിച്ചത്.
ഷോർട്ട് സർക്യൂട്ട്, ഇന്ധന, ഗ്യാസ് ലീക്കേജ്, അധികതാപം ഉൽപാദിപ്പിക്കുന്ന ബൾബുകൾ, വാഹനങ്ങളുടെ കാലപ്പഴക്കം, കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തത് എന്നിവയൊക്കെ വാഹനങ്ങളിലെ തീപിടിത്തത്തിന് വഴിവെക്കാറുണ്ട്. ശനിയാഴ്ച ചെങ്ങമനാട് ദേശം കുന്നുംപുറം ബസ് സ്റ്റോപ്പിനുസമീപം ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന് തീപിടിച്ചതാണ് ഒടുവിലെ സംഭവം. കുണ്ടന്നൂർ-തേവര പാലത്തിനുസമീപം ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചത് നാടിനെ നടുക്കിയ സംഭവമായിരുന്നു. ബസ് പൂർണമായും കത്തിനശിച്ചിരുന്നു. കുട്ടികൾ വാഹനത്തിലില്ലായിരുന്നതും ഡ്രൈവറും സഹായിയും പുറത്തേക്ക് ഇറങ്ങിയതും കാരണമാണ് വലിയദുരന്തം ഒഴിവായത്. രോഗിയുമായി ആശുപത്രിയിലേക്ക് വരുകയായിരുന്ന കാറിന് അങ്കമാലി നഗരത്തിൽ വെച്ച് തീപിടിച്ച സംഭവം ഏതാനും ആഴ്ചകൾക്കിടെ റിപ്പോർട്ട് ചെയ്തിരുന്നു. പുക ഉയരുന്നതുകണ്ട് കാർ നിർത്തി രോഗിയടക്കമുള്ളവർ ഇറങ്ങിയോടിയാണ് അന്ന് രക്ഷപ്പെട്ടത്.
തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിനും വണ്ടർലാക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിനും തീപിടിച്ചിരുന്നു. കുണ്ടന്നൂർ-തേവര പാലത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചപ്പോൾ രക്ഷകരായത് സ്ഥലത്തുണ്ടായിരുന്ന കുടിവെള്ള ടാങ്കറാണ്.
പഴയതും തകരാറുള്ളതുമായ ബാറ്ററികൾ പലപ്പോഴും തീപിടിത്തത്തിന് കാരണമാകാറുണ്ട്. ചാർജിങ് സിസ്റ്റത്തിലെ തകരാറുകൾ കാരണം ഓവർ ചാർജാക്കുന്നതും അതുമൂലം ഉൽപാദിപ്പിക്കപ്പെടുന്ന കൂടുതൽ അളവിലുള്ള അതീവ ജ്വലന സാധ്യതയുള്ള ഹൈഡ്രജൻ വാതകവും തീപിടിത്തത്തിലേക്ക് നയിച്ചേക്കാം. ഇടിയുടെ ആഘാതം മൂലവും ബാറ്ററി അഗ്നിബാധക്ക് കാരണമാകാം. കാലപ്പഴക്കം മൂലവും ശരിയായ മെയിന്റനൻസിന്റെ അഭാവം കാരണവും ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധന ചോർച്ച ഉണ്ടാകാം. ഗ്രാമപ്രദേശങ്ങളിലും മരങ്ങൾ ധാരാളമായി വളർന്നുനിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചില പ്രത്യേക തരം വണ്ടുകൾ റബർ കൊണ്ട് നിർമിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ലീക്കേജ്, മറ്റ് യന്ത്ര തകരാർ, കൂളിങ് സിസ്റ്റം തകരാറുകൾ, ലൂബ്രിക്കേഷൻ സംവിധാനത്തിന്റെ തകരാറുകൾ, എൻജിൻ താപനില വർധിക്കുന്നത് എന്നിവയൊക്കെ തീപിടിത്തത്തിന് ഇടയാക്കുന്ന കാര്യങ്ങളാണ്.
അഗ്നിബാധയുണ്ടായാൽ എത്രയും വേഗം വാഹനത്തിൽനിന്നിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും വേണം
തീപിടിത്തമുണ്ടാകുമ്പോൾ കേൾക്കുന്ന പ്രധാന കാരണമാണ് ഷോർട്ട് സർക്യൂട്ട്. ഇതിലേക്ക് നയിക്കുന്നത് പലപ്പോഴും വാഹനങ്ങളിലെ രൂപമാറ്റത്തിനും ആൾട്ടറേഷനുമായി ചെയ്യുന്ന പ്രവൃത്തികളാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. 55/60 വാട്ട്സ് ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100-130 വാട്ട് ഹാലൊജൻ ബൾബുകളിടുന്നത് അപകടകരമാണ്. നിയമവിധേയമല്ലാത്ത ബൾബുകളും മറ്റും അധികതാപം സൃഷ്ടിക്കുന്നു. കൂടുതൽ വാട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആർഭാടങ്ങളും സ്പീക്കറുകളും എല്ലാം അഗ്നിക്ക് കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകൾക്ക് താഴ്ന്ന നിലവാരത്തിലുള്ള കനം കുറഞ്ഞ വയറിങ്ങാണ് ഉപയോഗിക്കാറുള്ളത്. വയർ കരിയുന്നതിലൂടെ തീപിടിത്തമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.