സായുധസംഘം തട്ടിക്കൊണ്ടുപോയ മീൻപിടിത്ത ബോട്ട് കന്യാകുമാരിയിൽനിന്ന്​ കസ്റ്റഡിയിലെടുത്തു

ഫോർട്ട്​കൊച്ചി: കൊച്ചിയിൽനിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന ബോട്ട് ഫോർട്ട്​കൊച്ചി കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി തേങ്ങാപട്ടണം പുതുക്കാടുനിന്നാണ് ബോട്ട്​ കണ്ടെടുത്തത്. ബോട്ടിലെ 11 തൊഴിലാളികളും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. വൈപ്പിൻ കുഴുപ്പിള്ളി സ്വദേശി ജയന്‍റെ ഉടമസ്ഥതയിലുള്ള യു.ആൻഡ്​ കോ മറൈൻ മൂന്ന് എന്ന ബോട്ടാണ് കഴിഞ്ഞ ദിവസം കൊച്ചി തീരത്തുനിന്ന്​ ഏഴ് നോട്ടിക്കൽ മൈൽ അകലെ കടലിൽനിന്ന് തമിഴ്നാട്ടിൽനിന്നുള്ള പത്തംഗ സംഘം ആയുധങ്ങൾ കാണിച്ച്​ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. രണ്ട് ഔട്ട് ബോർഡ് വള്ളങ്ങളിലെത്തിയാണ്​ ഇവർ ബോട്ട് തട്ടിയെടുത്തത്. മലയാളിയായ സ്രാങ്ക് സൂസൻ കൂടാതെ അഞ്ച് വടക്കേയിന്ത്യക്കാരും അഞ്ച് തമിഴ് നാട്ടുകാരുമാണ് ബോട്ടിലുണ്ടായിരുന്നത്. തൊഴിലാളികൾ തമ്മിലുള്ള സാമ്പത്തിക പ്രശ്നമാണ് തട്ടിയെടുക്കലിന് പിന്നിലെന്നാണ് പറയുന്നത്. ബോട്ട് വിഴിഞ്ഞം ഹാർബറിലേക്ക് മാറ്റിയിരിക്കയാണ്. ചൊവ്വാഴ്ച രാത്രി കൊച്ചിയിലെത്തിക്കും. തുടർന്ന് നടപടികൾ പൂർത്തിയാക്കി ഉടമക്ക് കൈമാറുകയും ചെയ്യും. സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എ.എസ്.ഐ സന്തോഷ്, സി.പി.ഒ മാരായ കെ.എ. അഫ് ഷർ,വിനീത് എന്നിവരാണ് കന്യാകുമാരിയിലെത്തി ബോട്ട് പിടികൂടി തൊഴിലാളികളെ സുരക്ഷിതരാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.