ചട്ട ലംഘനം: ട്രഷറി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക്​ ശിപാർശ

കൊച്ചി: ചട്ട ലംഘനം നടത്തിയ ട്രഷറി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ധനവകുപ്പിന്‍റെ ശിപാർശ. ട്രഷറി അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുക പിൻവലിച്ച് വാണിജ്യ-സഹകരണ ബാങ്കിൽ നിക്ഷേപിക്കാൻ പാടില്ലെന്ന 1996 ജനുവരി 22ലെ പരിപത്രത്തിലെ മാർഗനിർദേശം സംസ്ഥാനത്തെ പല ട്രഷറികളിലെയും ഉദ്യോഗസ്ഥർ ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന്, ട്രഷറിയിൽനിന്ന് ബാഹ്യമായ മാർഗങ്ങളിലൂടെ നടത്തിയ നിക്ഷേപ കാലയളവിൽ 18 ശതമാനം വാർഷിക പലിശ സഹിതം ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. സർക്കാർ ചട്ടങ്ങളും ധനവകുപ്പിന്‍റെ നിർദേശങ്ങളും മറികടന്ന് ട്രഷറി പേമെന്‍റുകൾ നടക്കുന്നുവെന്ന ആരോപണം സംബന്ധിച്ചാണ് അന്വേഷണം നടത്തിയത്. 2020-21 സാമ്പത്തിക വർഷത്തിന്‍റെ മാസാവസാനം ക്രമവിരുധമായി നടത്തിയ ട്രഷറി പേമെന്‍റുകൾ സംബന്ധിച്ചാണ് ധനകാര്യ പരിശോധന സംഘം പരിശോധിച്ചത്. കിൻഫ്രയുടെ പേരിൽ തിരുവനന്തപുരം ജില്ല ട്രഷറിയിലുള്ള അക്കൗണ്ടിലെ 2021 ജനുവരി ഒന്ന് മുതൽ 2021 മാർച്ച് 31 വരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോൾ 75.04 കോടി രൂപ സ്ഥാപനത്തിന്‍റെ പേരിൽ വെള്ളയമ്പലം ആൽത്തറ നഗർ എസ്.ബി.ഐയിലേക്ക് മാറ്റി. അവിടെനിന്നും അതേ ബാങ്കിലെ മറ്റൊരു അക്കൗണ്ടിലേക്കും മാറ്റി. ഇത്തരത്തിൽ ഇടപാടുകൾ നടത്തിയത് ഗുരുതര ചട്ടലംഘനമാണ്​. എറണാകുളം അങ്കമാലിയിൽ സംസ്ഥാന ബാംബൂ കോർപറേഷന്‍റെ വിവിധ പദ്ധതികൾക്കായി ലഭിച്ച ഫണ്ടുകൾ കോർപറേഷന്‍റെ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നതായും കണ്ടെത്തി. കോർപറേഷന്‍റെ കോഴിക്കോട് നല്ലളം പ്രോജക്ട് ഓഫിസിലെ 5.08 കോടി രൂപ കനറാ ബാങ്കിന്‍റെയും 1.95 കോടി അങ്കമാലിയിലെ കാത്തലിക് സിറിയൻ ബാങ്കിന്‍റെയും അക്കൗണ്ടിലാണ്. ഇത് ഉൾപ്പെടെ ഏഴ് കോടിയോളം രൂപ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചരിക്കുന്നതായാണ്​ പരിശോധനയിൽ കണ്ടെത്തിയത്​. ട്രഷറിയിൽനിന്ന് പിൻലലിച്ച് ബാങ്ക് അക്കൗണ്ടിൽ ചട്ടവിരുധമായി നിക്ഷേപിച്ച തുക അടിയന്തരമായി ട്രഷറിയിൽ തിരികെ അടക്കണമെന്ന ധനവകുപ്പിന്‍റെ 2017 നവംമ്പർ 16ലെ ഉത്തരിവിലെ നിർദേശങ്ങൾ പാലിച്ചിട്ടില്ല. കേരള സർവകലാശാലയിലെ ഡിജിറ്റൽ സയൻസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയുടെ അഞ്ച് കോടി കനറാ ബാങ്കിന്‍റെ കഴക്കൂട്ടം ശാഖയിൽ നിക്ഷേപിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ബാങ്ക് അക്കൗണ്ടിലേക്ക് 2021 മാർച്ചിലെ വിവിധ തീയതികളിലാണ് തുക കൈമാറിയതെന്നും കണ്ടെത്തി. ആർ. സുനിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.