'ജനറല്‍ ആശുപത്രി ഒ.പി കൗണ്ടറില്‍ സൗകര്യം ഏര്‍പ്പെടുത്തണം'

കൊച്ചി: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒ.പി കൗണ്ടറില്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷന്‍ ഹെല്‍ത്ത് സര്‍വിസ് ഡയറക്ടര്‍ക്ക് നിർദേശം നല്‍കി. ജില്ല കലക്ടര്‍ നല്‍കിയ നിർദേശം അനുസരിച്ച് വായുസഞ്ചാരമുള്ള ഒ.പി കൗണ്ടര്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഏര്‍പ്പെടുത്താതിരുന്നത് സംബന്ധിച്ച വിവരാവകാശ അപേക്ഷയില്‍ നല്‍കിയ ഉത്തരവിലാണ് വിവരാവകാശ കമീഷണര്‍ കെ.വി. സുധാകരന്‍ ഡി.എച്ച്.എസിന് നിർദേശം നല്‍കിയത്. മരട് സ്വദേശി എം.ജെ. പീറ്റര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കമീഷന്‍ ഉത്തരവ്. ജനറല്‍ ആശുപത്രിയിലെ ഒ.പി കൗണ്ടറുകള്‍ക്ക് സമീപമുള്ള ഹാള്‍ ഡോക്ടര്‍മാര്‍ക്ക് എയര്‍ കണ്ടീഷനിങ് സംവിധാനം ഏര്‍പ്പെടുത്താനായി കെട്ടി അടച്ചെന്നും ഇതുമൂലം വേണ്ടത്ര വെളിച്ചവും വായുവും ഇല്ലാത്ത സ്ഥലത്താണ് ഒ.പി കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിന് പരിഹാരം ഉണ്ടാക്കണമെന്നും അപേക്ഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് സാങ്കേതികമായി മറുപടി നല്‍കുക മാത്രമാണ് ജനറല്‍ ആശുപത്രി അധികൃതര്‍ ചെയ്തത്. ഇത്തരം അപേക്ഷക്ക്​ സാങ്കേതിക മറുപടി പറഞ്ഞ് രക്ഷപ്പെടുകയല്ല ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും മുതിര്‍ന്ന പൗരന്മാരോടും ഭിന്നശേഷിക്കാരോടും കുറച്ചുകൂടി കരുണാര്‍ദ്രമായ സമീപനം കാട്ടേണ്ടത് ഉദ്യോഗസ്ഥരുടെ ബാധ്യതയാണെന്നും കമീഷന്‍ ഉത്തരവില്‍ പറയുന്നു. പ്രശ്‌നത്തില്‍ മനുഷ്യാവകാശ ലംഘനം ഉള്ളതുകൊണ്ട് അപേക്ഷകന് സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.