പട്ടിമറ്റം പഞ്ചായത്ത്; പ്രഖ്യാപനം ഇനിയുമകലെ

കോലഞ്ചേരി: പട്ടിമറ്റം പഞ്ചായത്ത് പ്രഖ്യാപനത്തിനായി കാത്തിരിപ്പ് നീളുന്നു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടിമറ്റം ആസ്ഥാനമായി പുതിയ പഞ്ചായത്തിനായാണ് കാത്തിരിപ്പ് നീളുന്നത്. പതിറ്റാണ്ടുകളായി ഉയരുന്ന ഈ ആവശ്യം പ്രഖ്യാപനത്തി​ന്‍റെ വക്കിലെത്തിയെങ്കിലും നിയമനടപടികളും മറ്റു നൂലാമാലകളും ഉയർന്നതോടെ ചുവപ്പുനാടയിൽ കുടുങ്ങുകയായിരുന്നു. മണ്ഡലത്തിലെ കുന്നത്തുനാട്, മഴുവന്നൂർ, കിഴക്കമ്പലം പഞ്ചായത്തുകൾ വിഭജിച്ച് പട്ടിമറ്റം ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപവത്​കരിക്കണമെന്നായിരുന്നു ജനകീയ ആവശ്യം. മുൻകാലങ്ങളിൽ പല തെരഞ്ഞെടുപ്പുകളിലെയും പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നും ഇതായിരുന്നു. ഒടുവിൽ മുൻ സർക്കാറിന്‍റെ കാലത്ത് നടപടികൾ അന്തിമഘട്ടത്തിലെത്തിയെങ്കിലും കിഴക്കമ്പലം പഞ്ചായത്തിലെ ഒരു വാർഡ് പുതിയ പഞ്ചായത്തിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ നിയമനടപടിയാണ് സംസ്ഥാനതലത്തിൽ തന്നെ പുതിയ പഞ്ചായത്തുകളുടെ രൂപവത്​കരണം അവതാളത്തിലാക്കിയത്. ഇതോടെ തുടർനടപടിയിൽനിന്ന് പിന്നാക്കം പോകുകയായിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളിൽപെടുന്ന മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകൾ ഭരണസൗകര്യത്തിനായി വിഭജിക്കണമെന്ന ആവശ്യവും ഇതോടെ അവഗണിക്കപ്പെടുകയായിരുന്നു. ഇക്കാര്യത്തിൽ വീണ്ടും ജനകീയ ഇടപെടൽ ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.