കൊച്ചി: എറണാകുളം -തൊടുപുഴ റൂട്ടിലെ യാത്രക്ലേശത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമീഷൻ. കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന എറണാകുളം-മൂവാറ്റുപുഴ-തൊടുപുഴ റൂട്ടിൽ ബസുകളുടെ സമയകൃത്യതയില്ലായ്മയും ഷെഡ്യൂളുകളിലെ അപാകതയും പരാതിയായ സാഹചര്യത്തിലാണ് കമീഷൻ കേസെടുത്തത്. കഴിഞ്ഞ 16ന് വൈകീട്ട് 5.30ന് എറണാകുളം സ്റ്റാൻഡിൽനിന്ന് തൊടുപുഴക്ക് ബസ് പോയ ശേഷം പിന്നീട് ബസ് എത്തിയത് രാത്രി എട്ടിനാണ്.
ശനിയാഴ്ച വൈകീട്ടായതിനാൽ സ്ത്രീകളും വിദ്യാർഥികളുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. പ്രതിഷേധിച്ച യത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിക്കുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് സംഭവത്തിൽ പരാതി ഉയർന്നതും മനുഷ്യാവകാശ കമീഷൻ കേസെടുത്തതും.
പരാതികളേറെ; അവഗണിച്ച് അധികൃതർ
ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. എന്നാൽ, സമയ ക്ലിപ്തതയില്ലായ്മയും ഷെഡ്യൂളുകളിലെ അപാകതയും യാത്രക്കാർക്ക് തലവേദനയാകുകയാണ്. തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലുമാണ് പ്രതിസന്ധി കൂടുതൽ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ നവീകരണ പ്രവൃത്തികളും എറണാകുളം നഗരത്തിലെ പതിവായ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്ന യാത്രപ്രതിസന്ധിക്ക് പുറമേയാണിത്. തിരക്കേറിയ സമയത്ത് കൂടുതൽ ഷെഡ്യൂളുകൾ അനുവദിക്കുകയോ അല്ലെങ്കിൽ നിലവിലുള്ള ഷെഡ്യൂളുകൾ പുനർനിർണയിക്കുകയോ ചെയ്യണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. എറണാകുളം ഡിപ്പോയിൽനിന്ന് കൂടുതൽ ബസുകളില്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. എന്നാൽ, ആവശ്യങ്ങളെ അധികൃതർ അവഗണിക്കുകയാണ്. വൈകുന്നേരങ്ങളിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നത്. ഇതിന് പുറമേ നഗരത്തിലെ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി തൊടുപുഴയിൽ നിന്നെത്തുന്ന ബസുകൾ വൈറ്റിലയിൽ ഷെഡ്യൂൾ അവസാനിപ്പിക്കുന്നതും യാത്രക്കാരെ വലക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.