'വിമാന ടിക്കറ്റ് വര്‍ധന പിൻവലിക്കണം'

കൊച്ചി: അന്താരാഷ്ട്ര- ആഭ്യന്തര വിമാന യാത്രകള്‍ക്ക് അടിക്കടി ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് പ്രവാസികളെയും ആഭ്യന്തര വിനോദ സഞ്ചാരികളെയും പ്രതികൂലമായി ബാധിക്കുകയാണെന്ന് ട്രാവല്‍ ഏജന്‍റ്​സ്​ അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍. നേരത്തേ ട്രെയിനുകളെ കൂടുതലായി ആശ്രയിച്ചവര്‍പോലും വിമാനയാത്ര തെരഞ്ഞെടുത്തിരുന്നു. കോവിഡാനന്തരം ട്രെയിനുകളുടെ കുറവിനോടൊപ്പം വിമാന നിരക്കിലുണ്ടായ വര്‍ധനയും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന 'ദേഖോ ഇന്ത്യ' നയത്തിന് എതിരാകുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക്​ വര്‍ധന. നേരത്തേ 2500 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്ന കൊച്ചി- തിരുവനന്തപുരം യാത്രക്ക്​ ഇപ്പോള്‍ 5500 രൂപയാണ്. കൊച്ചിയില്‍നിന്ന്​ 3500 രൂപ വരെ പരമാവധി ടിക്കറ്റ് നിരക്കുണ്ടായിരുന്ന ബംഗളൂരു, മുംബൈ, ഹൈദരബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 7500 രൂപ വരെ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കുടിയേറ്റ തൊഴിലാളികളെയും യാത്രാനിരക്ക് വര്‍ധന വലിയതോതില്‍ ബാധിക്കുകയാണ്. വിദേശയാത്ര ചെയ്യാനൊരുങ്ങുന്നവര്‍ക്ക് യാത്രാനിരക്ക് താങ്ങാനാവാത്തതാണ്. വിദേശ രാജ്യങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസവും വിദേശ ജോലിക്കാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വിസ അനുവദിക്കുന്നതിലെ അമിത കാലതാമസവും അമിത വിമാന നിരക്കുകളും കുറക്കുന്നതിന് സര്‍ക്കാര്‍ എയര്‍ലൈനുകളുമായും എംബസികളുമായും ചര്‍ച്ച നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.