നവജാത ശിശുവിനെ തോട്ടിലെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

ചേർത്തല: 21 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ വധശ്രമത്തിനും ജുവനൈൽ ആക്ട് പ്രകാരവും കേസ് എടുത്തതായി അർത്തുങ്കൽ പൊലീസ് അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്‍റെ ചികിത്സ തുടരുകയാണ്. കുഞ്ഞ് ഇൻകുബേറ്ററിലാണ്. അമ്മയും ഒപ്പമുണ്ട്. അമ്മക്ക് പ്രത്യേക നിരീക്ഷണവും കൗൺസലിങ്ങും ലഭ്യമാക്കി. അർത്തുങ്കൽ ചേന്നവേലിയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കിടപ്പു മുറിയിൽനിന്ന് കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി വീടിനുസമീപത്തെ തോട്ടിൽ ഇടുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന ഭർതൃ സഹോദരനാണ് ഇത് കണ്ടതും ഉടൻ രക്ഷപ്പെടുത്തിയതും. തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അമ്മക്ക്​ മാനസിക പ്രശ്നം ഉള്ളതായാണ് വിവരം. ഏഴാം മാസം പ്രസവം നടന്നതിനാൽ വീട്ടിൽ അമ്മയും കുഞ്ഞും പ്രത്യേക മുറിയിൽ നിരീക്ഷണത്തിലായിരുന്നു. രണ്ട്​ വയസ്സുള്ള മൂത്തകുട്ടിയെ കാണാത്തതിന്‍റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തയാറായതെന്നാണ് അമ്മ അർത്തുങ്കൽ പൊലീസിന് മൊഴി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.