ശബ്​ദ പ്രചാരണത്തിന്​ കൊടിയിറങ്ങും; ഇന്ന്​ കൊട്ടിക്കലാശം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്​ കലാശക്കൊട്ടോടെ ഞായറാഴ്ച​ പരസ്യപ്രചാരണത്തിന്​ സമാപനമാകും. പതിവില്ലാത്തവിധം മണ്ഡലത്തെ ഇളക്കിമറിച്ച പ്രചാരണ പ്രവർത്തനങ്ങളാൽ ഏറെ രാഷ്ടീയ പ്രാധാന്യം നേടിയ തെരഞ്ഞെടുപ്പ്​ സംസ്ഥാന - ദേശീയ നേതാക്കളുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നു. വികസനം അജണ്ടയായി പ്രഖ്യാപിച്ചെങ്കിലും വിവാദങ്ങൾക്കായിരുന്നു പ്രചാരണ രംഗത്ത്​ മുൻതൂക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ തുടങ്ങിയ മുതിർന്ന നേതാക്കൾതന്നെ വിവാദ പരാമർശങ്ങളുയർത്തിയത്​ രംഗം ചൂടുപിടിപ്പിച്ചു. സഭ സ്ഥാനാർഥിയെന്ന ആരോപണം മുതൽ ഇടത്​ സ്ഥാനാർഥിക്കെതിരെ പ്രചരിച്ച വ്യാജ അശ്ലീല ദൃശ്യങ്ങൾ വരെ മണ്ഡലത്തിൽ വിവാദങ്ങൾ തൊടുത്തുവിട്ടു. ഇടത്​ -വലത്​ ചേരികൾക്ക്​ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനും നേരിട്ട്​ നേതൃത്വം ​കൊടുത്ത പ്രചാരണ കോലാഹലങ്ങളാണ്​ മണ്ഡലം ദർശിച്ചത്​. ഇടത്​ സ്ഥാനാർഥി ഡോ. ജോ ജോസഫിനായി മണ്ഡലത്തിൽ തമ്പടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി തെരഞ്ഞെടുപ്പു റാലികളിലും പൊതുപരിപാടികളിലും പ​ങ്കെടുത്തു. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മണ്ഡലത്തിൽ ഓരോ വീടുകളിലും കയറിയിറങ്ങി. എം.പിമാർ, എം.എൽ.എമാർ പാർട്ടി നേതാക്കൾ എന്നിവരും ആഴ്ചകളോളം മണ്ഡലത്തിൽ താമസിച്ച്​ പ്രചാരണരംഗത്ത്​ സജീവമായിരുന്നു. നിയമസഭയിലെ എൽ.ഡി.എഫ്​ അംഗസംഖ്യ നൂറു തികക്കുക മാത്രമല്ല, കെ-റെയിലിനുള്ള അംഗീകാരമായി തെരഞ്ഞെടുപ്പ്​ ഫലം മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു ഇടത്​ പ്രവർത്തനങ്ങൾ. അതേസമയം, പാർട്ടി സെക്രട്ടറി സീതാറാം ​യെച്ചൂരി അടക്കം ദേശീയ നേതാക്കളുടെ അസാന്നിധ്യം 'പിണറായി ഷോ'യോടുള്ള നീരസമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്​. ചില കല്ലുകടികൾ ദൃശ്യമായെങ്കിലും യു.ഡി.എഫ്​ കേന്ദ്രങ്ങളിലും പതിവില്ലാത്തവിധം ഐക്യം പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു ഇത്​. പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ മുഴുസമയം ക്യാമ്പ്​ ചെയ്താണ്​ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്​. മുതിർന്ന നേതാക്കളായ കെ. സുധാകരൻ, ഉമ്മൻ ചാണ്ടി, രമേശ്​ ചെന്നിത്തല എന്നിവർക്കൊപ്പം അവസാന ലാപ്പിൽ ഗുജറാത്തിൽനിന്ന്​ ജിഗ്​നേഷ്​ മേവാനിയും എ.കെ. ആന്‍റണിയുമൊക്കെ കളത്തിലിറങ്ങിയത്​ യു.ഡി.എഫ്​ വൃത്തങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. മുസ്​ലിം ലീഗിന്‍റേതടക്കം​ ഘടകകക്ഷി നേതാക്കളും ആദ്യാവസാനം പ്രചാരണ രംഗത്ത്​ സജീവമായിരുന്നു. കെ.വി. തോമസ്​ അടക്കം ചില നേതാക്കൾ മറുകണ്ടം ചാടിയത്​ ചില പോക്കറ്റുകളിലെങ്കിലും യു.ഡി.എഫിന്​ തലവേദനയാകും. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ ബി.ജെ.പി വർഗീയ പ്രചാരണത്തിനാണ്​ മുൻതൂക്കം നൽകിയത്​. പി.സി. ജോർജിന്‍റെ അറസ്റ്റ്​ ക്രിസ്ത്യൻ വിഭാഗത്തിന്‍റെ വോട്ട്​ കുറച്ചെങ്കിലും നേടാൻ ഉപകരിക്കുമോ എന്ന നിലയിലാണ്​ അവർ ആഘോഷിച്ചത്​. അവസാനം നടൻ സുരേഷ്​ ഗോപിയെ അടക്കം രംഗത്തിറക്കി ആവേശമുണ്ടാക്കി. ഞായറാഴ്ച​ രാവിലെ മുതൽ ആരംഭിക്കുന്ന മണ്ഡലമാകെ ചുറ്റിയുള്ള റോഡ്​ ഷോയോടെ സമാപനം കൊട്ടിക്കലാശമാക്കി മാറ്റി പ്രചാരണം അവസാനിപ്പിക്കാനാണ്​​ മൂന്നു മുന്നണികളുടെയും തീരുമാനം. പാലാരിവട്ടത്ത്​ പ്രത്യേകം നിശ്ചയിച്ച സ്ഥലത്ത്​ കൊട്ടിക്കലാശവും നടക്കും. കൊട്ടിക്കലാശത്തോടെ ശബ്ദ പ്രചാരണങ്ങൾ അവസാനിക്കും. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിന്​ ശേഷം ചൊവ്വാഴ്ചയാണ്​ തൃക്കാക്കരയുടെ നാല്​ വർഷത്തെ ജനപ്രതിനിധിയെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പ്​. വോട്ടെണ്ണൽ ജൂൺ മൂന്നിന്​ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.