വടക്കേകോട്ട എസ്.എന്‍ ജങ്​ഷന്‍ പാത: മെട്രോ റെയില്‍ സുരക്ഷ കമീഷണറുടെ പരിശോധന വ്യാഴാഴ്ച മുതല്‍

കൊച്ചി: മെട്രോ പേട്ട സ്റ്റേഷനില്‍നിന്ന് എസ്.എന്‍ ജങ്​ഷന്‍ വരെയുള്ള പുതിയ പാതയിലെ മെട്രോ റെയില്‍ സുരക്ഷ കമീഷണറുടെ അന്തിമ പരിശോധന വ്യാഴാഴ്ച മുതല്‍. സിഗ്നലിങ്, ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ മേഖലയില്‍നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് സുരക്ഷ കമീഷണര്‍ അഭയ് കുമാര്‍ റായിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ഇലക്​ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസ് തുടങ്ങിയവയില്‍നിന്നുള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള ക്ലിയറന്‍സും നേടിയശേഷമാണ് പാതയുടെ അവസാന പരിശോധന മെട്രോ റെയില്‍ സുരക്ഷ കമീഷണര്‍ നടത്തുന്നത്. രണ്ട് സ്റ്റേഷനുകളിലേക്ക് കൂടി മെട്രോ ട്രെയിന്‍ എത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയില്‍ സജ്ജമാകുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ്. ജില്ലയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ സോണിലാണ് എസ്.എന്‍ ജങ്ഷന്‍ പൂര്‍ത്തിയാകുന്നത്. ഈ പ്രദേശത്ത് വാണിജ്യ, വ്യാപാര ആവശ്യത്തിന് സ്ഥലം ലഭ്യമാകാത്ത പ്രശ്നം എസ്.എന്‍ ജങ്ഷൻ സ്റ്റേഷന്‍ പരിഹരിക്കും. 95,000 ചതുരശ്രയടിയുള്ള ഈ സ്റ്റേഷനില്‍ 29,300 ചതുരശ്രയടി സ്ഥലം സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കും. ഓഫിസുകള്‍, കോഫി ഷോപ്, ഗിഫ്റ്റ് ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ആർട്ട്​ ഗാലറി തുടങ്ങിയവ ആരംഭിക്കാന്‍ ഉചിതമാണ് ഈ സ്റ്റേഷന്‍. രണ്ട് സ്റ്റേഷനുകളിലേക്കുമുള്ള പ്രീലൈസന്‍സിങ്ങും ആരംഭിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. 453 കോടി രൂപയാണ് മൊത്തം നിര്‍മാണച്ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചെലവഴിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.