കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം ഹോട്ടലിലെ ഹാർഡ് ഡിസ്കിലും അപകടത്തിനിരയായ കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനിലും തട്ടി വഴിമുട്ടിയ അവസ്ഥയിൽ. അപകടത്തെ തുടർന്നുള്ള ദിവസങ്ങളിൽ വിവാദമായ മട്ടാഞ്ചേരിയിലെ നമ്പർ 18 ഹോട്ടലിന് പിന്നാലെയാണ് പൊലീസെങ്കിലും അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. മോഡലുകളും സുഹൃത്തും സംഭവദിവസം ഈ ഹോട്ടലിൽനിന്ന് മടങ്ങുംവഴിയാണ് നവംബർ ഒന്നിന് പുലർച്ച അപകടത്തിൽ മരിച്ചതെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഹോട്ടലിനെ കേന്ദ്രീകരിച്ചായത്. എന്നാൽ, എന്തെങ്കിലും തുമ്പുകിട്ടാൻ സാധ്യതയുള്ള സി.സി ടി.വി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് ഇതുവരെ കണ്ടെത്താനാകാത്തതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചനെന്നയാൾ ഒളിവിൽ പോയതാണ് മറ്റൊരു തിരിച്ചടി. ഇയാളെ ഒരു തവണ വിളിച്ചുവരുത്തി മൊഴിയെടുത്ത് വിട്ടയച്ചിരുന്നു. എന്നാൽ, ഇയാൾ നഗരത്തിലെ മയക്കുമരുന്ന് മാഫിയയിലെ കണ്ണിയാണെന്നും മറ്റുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ഒളിവിൽ പോകുകയായിരുന്നു. സൈജുവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെയും ഹാർഡ് ഡിസ്ക് കണ്ടെത്തുന്നതിലൂടെയും മാത്രമേ ഇനി അന്വേഷണത്തിൽ പുരോഗതിയുണ്ടാവൂ. മുൻകൂർ ജാമ്യം തേടി സൈജു ഹൈകോടതിയെ സമീപിച്ചെങ്കിലും ഇതുവരെ പ്രതിചേർത്തിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചത്. ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനാകാതിരുന്നതിനാൽ സഹോദരനാണ് നോട്ടീസ് കൈമാറിയത്. കളമശ്ശേരിയിലെ മെട്രോ സ്റ്റേഷനിൽ എത്താനാണ് നിർദേശമുള്ളത്. എന്നാൽ, ഒളിവിലായതിനാൽ ഇതുവരെ എത്തിയിട്ടില്ല. ഹാജരാകാൻ സമയം നീട്ടി ചോദിച്ചിട്ടുമില്ല. നമ്പർ 18 ഹോട്ടലിലെ ജീവനക്കാരുെടയും മറ്റും മൊഴി ശേഖരിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, പുതിയ വിവരങ്ങളൊന്നും ഇവരിൽനിന്ന് ലഭ്യമായിട്ടില്ല. സൈജു നേരിട്ട് ഹാജരാകാത്തപക്ഷം അറസ്റ്റ് ചെയ്യാനാണ് നീക്കം. സൈജുവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിൻെറ പുരോഗതിയിൽ വലിയ വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, സി.സി ടി.വി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് സംബന്ധിച്ച് പൊലീസിന് ഒരു വ്യക്തതയുമില്ല. ഈ സാഹചര്യത്തിൽ ജീവനക്കാരെ കൂടുതൽ ചോദ്യം ചെയ്ത് നിത്യസന്ദർശകരെയും ഇടപാടുകളെയും കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് പൊലീസ് ശ്രമം. അതിനിടെ നമ്പർ 18 ഹോട്ടൽ തുടർച്ചയായി നിയമലംഘനം നടത്തിവന്നിരുന്നതായാണ് എക്സൈസ് റിപ്പോർട്ട്. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിളമ്പുന്നത് സംബന്ധിച്ച് നേരേത്ത പരാതി ലഭിച്ചിരുന്നു. നടപടികൾ സ്വീകരിക്കുകയും താക്കീത് നൽകുകയും ചെയ്തിട്ടും ആവർത്തിച്ചു കൊണ്ടിരുന്നുവെന്നാണ് ആക്ഷേപം. മോഡലുകളുടെ മരണം നടന്ന രാത്രിയും അനുവദനീയ സമയം കഴിഞ്ഞും ഹോട്ടൽ പ്രവർത്തിച്ചതായാണ് വ്യക്തമാകുന്നത്. ഹോട്ടലിനെതിരെ ചെറിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും സി.സി ടി.വി ദൃശ്യങ്ങളടങ്ങുന്ന ഹാർഡ് ഡിസ്ക് ലഭിച്ചാലേ തുടർനടപടി സാധ്യമാകൂ. ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞെന്ന ഹോട്ടൽ ജീവനക്കാരൻെറ മൊഴിയെ തുടർന്ന് മൂന്ന് ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ഡിസ്ക് വലയിൽ കുടുങ്ങി കിട്ടിയെന്നും എന്തെന്നറിയാത്തതിനാൽ കായലിൽതന്നെ ഉപേക്ഷിച്ചെന്നും മത്സ്യത്തൊഴിലാളി സൂചന നൽകി. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. നാവിക സേനയെ ഉപയോഗിച്ച് കായലിൽ വീണ്ടും തിരച്ചിൽ നടത്താനാണ് അടുത്ത ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.