ഒമിക്രോണ്‍; നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി

കൊച്ചി: ഹൈ റിസ്ക് വിഭാഗത്തിൽ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്ന്​ എത്തുന്നവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്ന്​ എത്തുന്ന എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് കലക്ടര്‍ ജാഫര്‍ മാലിക്​ പറഞ്ഞു. ഇക്കാലയളവിൽ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണം. നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേക്ക് എത്തിയ മൂന്നുപേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ കോംഗോയില്‍നിന്നും മറ്റു രണ്ടുപേര്‍ യു.എ.ഇയില്‍നിന്നുമാണ്​ എത്തിയത്. കോംഗോയും യു.എ.ഇയും ഹൈ റിസ്ക് പട്ടികയില്‍ വരാത്ത രാജ്യങ്ങളാണെന്നിരിക്കെ അതിജാഗ്രത അനിവാര്യമാണെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈറിസ്ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽനിന്ന് എത്തുന്ന എല്ലാവരെയും വിമാനത്താവളത്തില്‍തന്നെ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റിവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. ഇവർ ഏഴു ദിവസം വീടുകളിൽ പൊതുസമ്പർക്കം ഒഴിവാക്കി ക്വാറൻറീനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ഫലം നെഗറ്റിവ് ആയാലും ഇവർ ഏഴു ദിവസംകൂടി സ്വയം നിരീക്ഷണം തുടരണം. അതേസമയം, മറ്റ് വിദേശ രാജ്യങ്ങളില്‍നിന്ന്​ എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ നിലവില്‍ റാന്‍ഡം പരിശോധനയാണ് നടത്തുന്നത്. അതിനാല്‍ ഇവിടെ എത്തുന്നത് മുതല്‍ അടുത്ത 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. കോവിഡ് അനുബന്ധ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പ്രദേശത്തെ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും തുടർ നടപടി സ്വീകരിക്കുകയും വേണം. മാർഗനിർദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ-പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.