കെ-റെയിൽ പദ്ധതി: എളവൂരിൽ സർവേക്കല്ലുകൾ സ്ഥാപിച്ചത് നൊമ്പരക്കാഴ്ചയായി

അങ്കമാലി: നൊമ്പരക്കാഴ്ച സൃഷ്ടിച്ച്​ പാറക്കടവ് പഞ്ചായത്തിലെ എളവൂരിൽ കെ-റെയിൽ പദ്ധതിക്ക്​ സർവേക്കല്ല് സ്ഥാപിക്കൽ ആരംഭിച്ചു. എളവൂർ സെന്‍റ്​ മേരീസ് പള്ളി പരിസരം മുതൽ എളവൂർ സെന്റ് ആന്റണീസ് പള്ളിവരെ മുക്കാൽ കിലോമീറ്ററോളം ഭാഗത്താണ് വൻ പൊലീസ് സന്നാഹത്തോടെ കല്ലുകൾ സ്ഥാപിച്ചത്. സൈജ അലക്സ് പാത്താടൻ, തോമസ് കല്ലേലി, ആന്‍റു അറക്കലാൻ, വർഗീസ് പാലമറ്റം, ബാബു ആന്റണി പാനികുളം എന്നിവരുടെ വീടുകൾക്ക് നെറുകെയാണ് സർവേക്കല്ലുകൾ സ്ഥാപിച്ചത്. ജനിച്ചു വളർന്ന മണ്ണും കിടപ്പാടവും ഇല്ലായ്മ ചെയ്യുന്ന പദ്ധതിക്കെതിരെ ഇരകൾ തകർന്ന മനസ്സോടെയാണ് പ്രതികരിച്ചത്. തോമസിന്റെ ഒരുകോടി വിലമതിക്കുന്ന വീടും 5000 ചതുരശ്രവിസ്ത്രിതിയിലെ ജാതിക്ക ഗോഡൗണും പദ്ധതിക്ക്​ വിട്ടൊഴിയേണ്ടി വരും. ഗോഡൗണിന്റെ അകത്ത് കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം തോമസ് തടഞ്ഞതോടെ മുറ്റത്ത് കുഴിയെടുത്തു. അവിടെയും തടസ്സപ്പെടുത്തിയതോടെ കല്ലിന് സമീപം സൂചന ബോർഡ് സ്ഥാപിച്ച് ഉദ്യോഗസ്ഥർ പിന്തിരിഞ്ഞു. 74കാരനായ ആന്റുവിന്റെ മൂന്നേക്കറോളമുള്ള പറമ്പിന്റെ മധ്യഭാഗത്താണ് കല്ലുകൾ സ്ഥാപിച്ചത്. കിടപ്പാടവും നഷ്ടപ്പെടും വിധമാണ് സർവേ. ആന്റുവും മകളും സർവേക്കല്ലിൽ കിടന്ന് പൊട്ടിക്കരഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. ഹൃദയഭേദകമായ കാഴ്ച കണ്ട പൊലീസ് അവരെ പിടിച്ചു മാറ്റാനോ അറസ്റ്റ് ചെയ്യാനോ തയാറാകാതെ മാറി നിൽക്കുകയായിരുന്നു. 20, 25 മീറ്റർ വീതികളിലാണ് പല ഭാഗത്തും സർവേക്കല്ലുകൾ സ്ഥാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഏതാനും ഭാഗത്താണ് സർവേക്കല്ല് സ്ഥാപിച്ചത്. എങ്കിലും സർവേക്കല്ലുകൾ പറമ്പിൽ സൂക്ഷിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച കല്ലിടൽ വൈകീട്ടാണ് സമാപിച്ചത്. കെ-റെയിൽ വിരുദ്ധ സമിതി യൂനിറ്റ് പ്രസിഡന്‍റ്​ എ.ഒ. പൗലോസിന്റെയും വാർഡ്​ അംഗം ജെസി ജോയിയുടെയും നേതൃത്വത്തിൽ ഏതാനും പേർ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസ് അവരെ തടഞ്ഞു. ബുധനാഴ്ച 18ാം വാർഡിലെ എളവൂർ കുന്നേപ്പള്ളി ഭാഗത്തും കല്ലുകൾ സ്ഥാപിക്കുന്ന പ്രക്രിയ ആരംഭിക്കുമെന്ന് കെ-റെയിൽ അധികൃതർ അറിയിച്ചു. രണ്ട് ചിത്രങ്ങൾ ER ANKA 1 K.RAIL പാറക്കടവ് പഞ്ചായത്തിലെ എളവൂരിൽ കെ-റെയിൽ പദ്ധതിക്ക്​ ചൊവ്വാഴ്ച വൻ പൊലീസ് സംരക്ഷണയിൽ സർവേക്കല്ല് സ്ഥാപിച്ചപ്പോൾ ER ANKA 2 K.RAl L പാറക്കടവ് പഞ്ചായത്തിലെ എളവൂരിൽ കെ-റെയിൽ പദ്ധതിക്ക്​ സ്ഥാപിച്ച സർവേക്കല്ല്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.