മെത്രാപ്പോലീത്തമാരുടെ തിരഞ്ഞെടുപ്പ്: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഇന്ന്​ തുടക്കം

കോലഞ്ചേരി: പുതുതായി ഏഴ് മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുക്കുന്നതിന് ഓർത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് വ്യാഴാഴ്ച കോലഞ്ചേരിയില്‍ തുടക്കമാകും. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ഉച്ചക്ക്​ ഒരുമണിക്ക് കോലഞ്ചേരി സെന്‍റ്​ പീറ്റേഴ്‌സ് ആൻഡ്​ സെന്‍റ്​ പോള്‍സ് പള്ളിയോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറിലെ പ്രധാനവേദിയില്‍ കാതോലിക്ക ബാവ, മെത്രാപ്പോലീത്തമാര്‍, സഭാസ്ഥാനികള്‍, സഭാ മാനേജിങ്​ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സമ്മേളിക്കും. ഓരോ ഭദ്രാസനങ്ങളിലെയും അസോസിയേഷന്‍ പ്രതിനിധികള്‍ അതത് മെത്രാപ്പോലീത്തമാര്‍ നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ ഓണ്‍ലൈനിലൂടെ സമ്മേളനത്തില്‍ പങ്കുചേരും. നാലായിരത്തോളം പ്രതിനിധികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വോട്ട്​ രേഖപ്പെടുത്തും. മാനേജിങ്​ കമ്മിറ്റി നല്‍കിയിരിക്കുന്ന 11 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഏഴുപേരെ തെരഞ്ഞെടുക്കേണ്ടത്. ഫാ. എബ്രഹാം തോമസ്, ഫാ. അലക്‌സാണ്ടര്‍ പി. ഡാനിയേല്‍, ഫാ. എല്‍ദോസ് ഏലിയാസ്, റവ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ.ഡോ. റെജി ഗീവര്‍ഗീസ്, ഫാ. പി.സി. തോമസ്, ഫാ.ഡോ. വര്‍ഗീസ് കെ. ജോഷ്വ, ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോര്‍ജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയ നൈനാന്‍ ചിറത്തലാട്ട് എന്നിവരാണ് മെത്രാപ്പോലീത്തൻ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥികള്‍. ഉച്ചയ്ക്ക് 2.45ന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവ കാതോലിക്കറ്റ് പതാക ഉയര്‍ത്തും. ഭദ്രാസന കേന്ദ്രങ്ങളില്‍ ഒത്തുചേര്‍ന്നോ സ്വന്തം നിലയിലോ അംഗങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്താനും അവസരമുണ്ടാകും. www.mosc22.in വെബ്‌സൈറ്റിലൂടെ യോഗത്തില്‍ പ്രവേശിക്കാം. നിശ്ചിത സമയത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മീറ്റിങ്ങില്‍ പങ്കെടുക്കാനോ വോട്ട്​ രേഖപ്പെടുത്താനോ സാധിക്കില്ല. രണ്ടുമണിക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം മൂന്നുമണിക്കൂറാണ് വോട്ടിങ്ങിന് അനുവദിച്ചിട്ടുള്ളത്. തുടര്‍ന്ന്, ഫലപ്രഖ്യാപനം നടക്കും. 1934ലെ സഭാ ഭരണഘടനപ്രകാരം പട്ടക്കാരുടെയും അത്മായക്കാരുടെയും പ്രത്യേകം പ്രത്യേകം ഭൂരിപക്ഷം കണക്കാക്കിയായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്. രാജസ്ഥാന്‍ കാഡറിലെ 1977 ബാച്ച് ഐ.എ.എസ് ഓഫിസറും രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന സി.കെ. മാത്യു ആണ് മുഖ്യ വരണാധികാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.