മരടിൽ ജൈവവള നിര്‍മാണ യൂനിറ്റിന്​ തറക്കല്ലിട്ടു

മരട്: ജില്ല പഞ്ചായത്തിന്റെ ജൈവവള നിർമാണ യൂനിറ്റിനായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. മരടില്‍ സ്ഥിതിചെയ്യുന്ന കാര്‍ഷിക മൊത്തവ്യാപാര കേന്ദ്രത്തിലാണ് വളം നിര്‍മിക്കുന്നത്. 150ല്‍പരം വ്യാപാര സ്ഥാപനങ്ങളില്‍നിന്ന്​ ജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതാണ് പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂനിറ്റുകള്‍ക്കാണ് നടത്തിപ്പ് ചുമതല. തുടക്കത്തില്‍ 1.5 ടണ്‍ ജൈവമാലിന്യമാണ് സംസ്‌കരിക്കാന്‍ കഴിയുക. ഉൽപാദിപ്പിക്കുന്ന ജൈവവളം ജില്ല പഞ്ചായത്ത് തന്നെ വാങ്ങി പാക്കറ്റുകളിലാക്കി ജില്ല പഞ്ചായത്തിന്റെ ലേബലില്‍ വിപണനം ചെയ്യും. കൂടാതെ ജില്ല പഞ്ചായത്തിന്റെ വിവിധ കാര്‍ഷിക പദ്ധതികളായ കേരഗ്രാമം, സുഗന്ധഗ്രാമം, തരിശുകൃഷി തുടങ്ങിയവയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് സൗജന്യനിരക്കില്‍ ഇത് വിതരണം ചെയ്യും. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐ.ആര്‍.ടി.സിയാണ് നിര്‍വഹണ ഏജന്‍സി. ചടങ്ങില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മരട് മുനിസിപ്പല്‍ ചെയര്‍മാര്‍ ആന്റണി ആശാന്‍പറമ്പില്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റാണിക്കുട്ടി ജോര്‍ജ്, ആശ സനല്‍, എം.ജെ. ജോമി, ഡോണോ മാസ്റ്റര്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ അനില്‍കുമാര്‍, രവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ അഫ്‌സല്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ്, കുടുംബശ്രീ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എസ്. രഞ്ജിനി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.