പുത്തന്‍തോട് വളവ് നിവര്‍ത്താന്‍ നടപടി

റോഡിലെ രണ്ട് വളവും കുപ്പിക്കഴുത്തിന്‍റെ ആകൃതിയിലാണ് ചെങ്ങമനാട്: പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവില്‍ അത്താണി-പറവൂര്‍ റോഡില്‍ ചെങ്ങമനാട് പഞ്ചായത്ത് നാലാം വാര്‍ഡിലെ പുത്തന്‍തോട്, ഗ്യാസ് ഏജന്‍സീസ് വളവുകള്‍ നിവര്‍ത്താന്‍ നടപടി തുടങ്ങി. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റില്‍ അനുവദിച്ച 2.5 കോടി ചെലവില്‍ 350 മീറ്ററോളം ഭാഗത്ത് 10 മീറ്ററോളം വീതിയിലാണ് വളവ് നിവര്‍ത്തുന്നത്. നിലവില്‍ പലഭാഗത്തും ഏഴ് മീറ്ററില്‍ താഴെയാണ് വീതി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലെ രണ്ട് വളവും കുപ്പിക്കഴുത്തിന്‍റെ ആകൃതിയിലാണ്. അപകടങ്ങള്‍ ഇവിടെ പതിവാണ്​. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എട്ടുപേര്‍ക്ക് ജീവഹാനി സംഭവിച്ചു. നിരവധി പേര്‍ക്ക്​ പരിക്കേറ്റു. ജനരോഷം ഉയര്‍ന്നതോടെ എം.എല്‍.എ നിയമസഭക്കകത്തും പുറത്തും മുഖ്യമന്ത്രി, മന്ത്രിമാര്‍ അടക്കമുള്ളവരെ നേരിട്ടുകണ്ടും പ്രശ്നം ബോധ്യപ്പെടുത്തിയതോടെയാണ് പ്രദേശം വികസിപ്പിക്കാന്‍ നടപടിയായത്. പുറമ്പോക്ക് വീണ്ടെടുക്കുന്നതോടൊപ്പം സ്ഥലം അക്വയര്‍ ചെയ്യുന്നതിനുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഏഴ് മാസം മുമ്പാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. അതിന്‍റെ അലൈന്‍മെന്‍റ് നടപടിയാണ് ബുധനാഴ്ച പൊതുമരാമത്ത് വകുപ്പ് ( റോഡ്സ് ) ആലുവ ഡിവിഷന്‍ അസി.എക്സി. എന്‍ജിനീയര്‍ ടി.ഐ. മുഹമ്മദ് ബഷീറിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചത്. 16.5 സെന്‍റോളം സ്ഥലമാണ് റോഡ് വീതികൂട്ടുന്നതിന് വേണ്ടി വരുക. വളവ് നിവര്‍ത്തുന്ന ഭാഗത്തെ പുറമ്പോക്ക് കണ്ടെത്തി ബാക്കി സ്ഥലം അക്വയര്‍ ചെയ്യുകയാണ് ലക്ഷ്യം. നാട്ടുകാരുടെ പരാതികളും നിർദേശങ്ങളും കേട്ട് ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് കുറ്റമറ്റരീതിയിലായിരിക്കണം റോഡ് വികസിപ്പിക്കേണ്ടതെന്ന് എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, 1970ന് മുമ്പുള്ള സർവേ പ്രകാരമായിരിക്കണം പുറമ്പോക്ക് കണ്ടെത്തി റോഡ് വികസിപ്പിക്കേണ്ടതെന്ന്​ ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ രാജി ആന്‍റണി ഹൈകോടതി വിധി സമ്പാദിച്ചിട്ടുണ്ട്. അതിനാല്‍ കോടതി ഉത്തരവ് പ്രകാരം പുറമ്പോക്ക് ഒഴിപ്പിച്ച ശേഷം മാത്രമേ അലൈന്‍മെന്‍റ് നടപടി പൂര്‍ത്തിയാക്കാവൂ എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 18ന് രാവിലെ ആലുവ പി.ഡബ്ല്യു.ഡി ഓഫിസില്‍ ചേരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ അക്കാര്യവും ചര്‍ച്ച ചെയ്യാമെന്ന് എം.എല്‍.എ പറഞ്ഞു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സെബ മുഹമ്മദലി, ജനപ്രതിനിധികളായ അമ്പിളി ഗോപി, ഷക്കീല മജീദ്, സി.എസ്. അസീസ്, വിജിത വിനോദ്, റജീന നാസര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ ട്രീസ സെബാസ്റ്റ്യന്‍, ഉഷസ് ഉത്തമന്‍, രാഷ്ടീയകക്ഷി നേതാക്കള്‍ അടക്കം സ്ഥലം സന്ദര്‍ശിച്ചു. EA ANKA 01 ROAD അത്താണി-പറവൂര്‍ റോഡിലെ ചെങ്ങമനാട് പുത്തന്‍തോട്, ഗ്യാസ് ഏജന്‍സീസ് വളവുകള്‍ നിവര്‍ത്തുന്നതിന്റെ ഭാഗമായി അന്‍വർ സാദത്ത് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ അലൈന്‍മെന്റ് നടപടി ആരംഭിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.