ആരോഗ്യകേന്ദ്രങ്ങൾ മികച്ച നിലവാരത്തിലേക്ക്

വൈപ്പിൻ: ആരോഗ്യകേന്ദ്രങ്ങളിലെ നിർമാണ പ്രവൃത്തികൾ അതത് സ്ഥാപന മേധാവികളുടെ മേൽനോട്ടത്തിലൂടെ വേണമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർദേശിച്ചു. മാലിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ നിയോജകമണ്ഡലത്തിലെ താലൂക്ക് ആശുപത്രി, സാമൂഹിക- കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഉപകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ അധ്യക്ഷതവഹിച്ച്​സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ്‌സെന്‍ററുകൾ ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍ററുകളായി ഉയർത്തുന്നതിനു വകയിരുത്തിയ ഫണ്ടുകൾ തദ്ദേശ സ്ഥാപനങ്ങളെ ഏൽപിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഈ പ്രവൃത്തികളുടെ കരാർ ഏറ്റെടുത്ത സ്ഥാപനം ഒഴിവായ സാഹചര്യത്തിലാണ് നടപടി. ഞാറക്കലിലെ താലൂക്ക് ആശുപത്രിയിൽ ഒ.പി കെട്ടിടത്തിന്‍റെയും അത്യാഹിത വിഭാഗത്തിന്‍റെയും പ്രവൃത്തി പൂർത്തിയാകുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നായരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നിർമാണ പ്രവൃത്തി ജൂലൈയിൽ പൂർത്തിയാകും. മാലിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നത് നവംബറിനുമുമ്പ് പൂർത്തിയാക്കുമെന്ന് നിർവഹണ സ്ഥാപനമായ എച്ച്.എൽ.എൽ പ്രതിനിധി ഉറപ്പുനൽകി. അയ്യമ്പിള്ളി സബ്‌സെന്‍ററിന്‍റെ പ്രവൃത്തിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർക്ക്​ എം.എൽ.എ നിർദേശം നൽകി. ഓച്ചന്തുരുത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന വളപ്പ് സബ്‌സെന്‍ററിനു സ്വന്തം കെട്ടിടം നിർമിക്കണമെന്നും മുരിക്കുംപാടം, പുതുവൈപ്പ് സബ്‌സെന്‍ററുകൾ നവീകരിക്കണമെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു. അഡീഷനൽ ഡി.എം.ഒ ഡോ. വിവേക് കുമാർ, ഡോ. സജിത് ജോൺ, ഡോ. നിഖിലേഷ് മേനോൻ, ഡോ. രോഹിണി, മണ്ഡലത്തിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലെയും മെഡിക്കൽ ഓഫിസർമാർ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.