പ്രായം 81 ആയെങ്കിലും ഇന്നും കലാരംഗത്ത് സജീവമാണ് കെ.സി. ധർമൻ എന്ന പള്ളുരുത്തി സ്വദേശി. ഗാനമേളകളിൽ ടൈമറായിട്ടായിരുന്നു തുടക്കം. പിന്നീട് ഭക്തിഗാന സമിതി സ്ഥാപിച്ച് അമരക്കാരനായി. പെയിന്റിങ് ജോലികളുമായി ജീവിതം തള്ളിനീക്കുമ്പോഴാണ് ഭക്തിഗാന രംഗം ധർമൻ തെരഞ്ഞെടുത്തത്. സംഗീതജ്ഞനായ കെ.എം. നടേശൻ മാസ്റ്ററുടെ ശിഷ്യനായ ധർമൻ ഗുരുവിന്റെ നിർദേശപ്രകാരമാണ് ഭക്തി ‘ശ്രീ ‘ദുർഗലയ തരംഗ്’ ഗാനമേള സമിതി രൂപവത്കരിച്ചത്.
25 വർഷക്കാലമായി കൊല്ലം ,തൃശൂർ ,എറണാകുളം ,ആലപ്പുഴ ,കോട്ടയം ജില്ലകളിൽ നൂറുകണക്കിന് വേദികളിൽ ഭക്തിഗാനമേളയുമായി സമിതിക്ക് നേതൃത്വംനൽകി സഞ്ചരിച്ചുവരികയാണ്. സമിതിയിലെ 11 കലാകാരന്മാർ ഇപ്പോഴും കൂടെ സഹകരിച്ചുപോരുകയാണ്. സംഗീത മേഖലയോടുള്ള താൽപര്യം ചെറുപ്പംമുതൽ തുടങ്ങിയതാണ്. അന്നും ഭക്തിഗാനങ്ങളോടായിരുന്നു ഏറെ താൽപര്യം.
25 വർഷമായി ഭക്തിഗാനമേള സമിതിയെ മുന്നോട്ടുകൊണ്ടുപോകുന്നതും ധർമൻ തന്നെ. ലാളിത്യവും വിനയവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈ കലാകാരന് പള്ളുരുത്തി കാട്ടുമ്മേൽ പറമ്പിലാണ് താമസം. മകൻ രാജേഷ് തബലിസ്റ്റുകൂടിയാണ്. കലയെ സ്നേഹിച്ചാൽ കല തിരിച്ചും സ്നേഹിക്കുമെന്നാണ് ധർമൻ പറയുന്നത്. ഭാര്യ: ശാന്ത. മക്കൾ: രാജേഷ്, നീതമോൾ. മരുമക്കൾ. സിമി, രാധാകൃഷ്ണൻ.
കൊച്ചി കലാ സാംസ്കാരിക വേദി കെ.സി. ധർമനെയും സമിതിയിലെ 11 കലാകാരന്മാരെയും ആദരിച്ചു. സംഗീത സംവിധായകൻ ബിജിപാൽ ഭദ്രദീപം തെളിച്ചു. ദലീമ ജോജോ എം.ൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യവും ആയുസ്സും ഉള്ളിടത്തോളം കാലം കലാരംഗത്ത് തുടരുമെന്ന് ധർമൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.