അത്താണി: രണ്ട് പതിറ്റാണ്ടിലധികമായി ദുർഗന്ധം വമിക്കുന്ന മാലിന്യക്കുളമായ നെടുമ്പാശ്ശേരി പഞ്ചായത്തിലെ കാരക്കാട്ടുചിറ നവീകരണത്തിന് വഴിതെളിയുന്നു. നാട്ടുകാരുടെ ഒട്ടേറെ മുറവിളികൾക്ക് ശേഷം പാറക്കടവ് ബ്ലോക്ക് പഞ്ചായത്തും നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്തും സംയുക്തമായാണ് ചിറയും പരിസരവും നവീകരിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത് 30 ലക്ഷവും, ബ്ലോക്ക് പഞ്ചായത്ത് 17 ലക്ഷവും നവീകരണ പദ്ധതിക്ക് ചെലവഴിക്കും. 10 ഏക്കറോളം വിസ്തൃതിയുള്ള ചിറയിലെ പുല്ലും പായലും ഗ്രാമപ്പഞ്ചായത്തായിരിക്കും വാരി മാറ്റി വൃത്തിയാക്കുക. അതിന് അഞ്ച് ലക്ഷം പ്രത്യേകമായി വിനിയോഗിക്കും. കഴിഞ്ഞ ദിവസം മുതൽ ചിറയുടെ തെക്കേ ഭാഗം മുതൽ പായൽ നീക്കം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. നവീകരണഭാഗമായി ചുറ്റുമുള്ള നടപ്പാതയും വൃത്തിയാക്കും.
ചിറയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ സൗന്ദര്യവത്കരണത്തിന്റെ ആദ്യപടിയായി നടപ്പാതയിൽ ടൈൽ വിരിക്കുകയും, പടിഞ്ഞാറുഭാഗത്ത് കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനും സൗകര്യമൊരുക്കി ചിൽഡ്രൻസ് പാർക്കും സ്ഥാപിക്കും. ചിറയുടെ സമീപം കൈവരികളും ഇരിക്കാൻ ബെഞ്ചുകളും സ്ഥാപിക്കും. വരുംഘട്ടങ്ങളിൽ ചിറയുടെ ചുറ്റുമുള്ള റോഡും ടൈലുകൾ വിരിച്ച് സഞ്ചാരയോഗ്യമാക്കും. അതോടൊപ്പം ഓപ്പൺ ജിം സ്ഥാപിക്കാനും പദ്ധതിയുണ്ട്.
2003ല്‍ പി.വൈ. വര്‍ഗിസ് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് ജില്ലയിലെ പ്രധാന പ്രകൃതിദത്ത ജലസംഭരണികളിലൊന്നായ കാരക്കാട്ടു ചിറ ആദ്യമായി നവീകരിച്ചത്. പ്രദേശത്തെ വരൾച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ചിറ നിറയെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പിന്നീട് പ്രദേശത്തെ നൂറുകണക്കിന് കിണറുകൾ വറ്റിയില്ല. എന്നാല്‍ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചിറയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
പുല്ലും ആഫ്രിക്കൻ പായലും വളർന്ന് വെള്ളം കാണാത്ത വിധം ചിറ മൂടിയിരിക്കുകയാണ്. ചിറക്ക് ചുറ്റുമുള്ള വഴിയിലൂടെ നടക്കാനോ, ചിറയിലേക്ക് ഇറങ്ങാനോ കഴിയാത്ത വിധം കാടുപിടിച്ചു കിടക്കുകയുമാണ്. നവീകരണത്തിന് മുന്നോടിയായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, വാർഡ് അംഗം അജിത അജയൻ എന്നിവർ ചിറ സന്ദർശിച്ച് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.