കൊച്ചി: പത്തും പതിനഞ്ചും നിലകളുള്ള ഫ്ലാറ്റുകൾ മുഖമുദ്രയായ കൊച്ചി മെട്രോ നഗരത്തിെൻറ മധ്യത്തിലായി 3000ത്തോളം സസ്യങ്ങളും വൃക്ഷങ്ങളുമെല്ലാം വളരുന്ന കാടുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഹൈകോടതിക്കടുത്തുള്ള നക്ഷത്രവനമല്ല, തമ്മനത്ത് എ.വി പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതി സ്നേഹി അര നൂറ്റാണ്ടായി നട്ടുനനച്ചു വളർത്തിയ പച്ചത്തുരുത്താണ് വ്യത്യസ്തമാവുന്നത്.
കനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന കമ്മത്ത് ജോലി രാജിവെച്ചാണ് പ്രകൃതിയിലേക്ക് തിരിയുന്നത്. അത്യപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായതുൾെപ്പടെ 2000ത്തിലേറെ ഔഷധ സസ്യങ്ങൾ തന്നെ ഇവിടെയുണ്ട്. ഫലവൃക്ഷങ്ങൾ, പച്ചക്കറിതൈകൾ, പൂച്ചെടികൾ എന്നിവ വേറെയും.
രണ്ടേക്കർ ഭൂമിയിലെ ഹരിതവനത്തിന് ഒത്ത നടുക്കായി 100 വർഷം മുമ്പ് അദ്ദേഹത്തിെൻറ പിതാവ് പണിത ഓടിട്ട ഇരുനില വീടുണ്ട്. കാലമേറെ കഴിഞ്ഞിട്ടും 20 വർഷം മുമ്പ് ഒന്നു നവീകരിച്ചതല്ലാതെ മറ്റൊരു മാറ്റവും വരുത്താത്ത ഈ വീട്ടിലാണ് കമ്മത്തും കുടുംബവും താമസിക്കുന്നത്. ആലുങ്കൽ ഫാംസ് എന്ന ബോർഡ് തൂക്കിയ ഗേറ്റ് തുറക്കുമ്പോഴേ തണുത്ത കാറ്റ് മനസ്സിനെയും ശരീരത്തെയും തഴുകിയെത്തും.
വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ, കർഷകർ തുടങ്ങി നൂറുകണക്കിനാളുകൾക്ക് ഒരു വിദ്യാലയം കൂടിയാണീ കാട്. ആനത്തൊണ്ടി, മരവുരി, ചെന്തുരുണി, തീപ്പാല, അണലിവേഗ, നാഗലിംഗം, ബോധി, ഒലിവ് തുടങ്ങി ഇവിടെയില്ലാത്ത ഔഷധസസ്യങ്ങളില്ല.
നക്ഷത്രവൃക്ഷങ്ങളും ദശമൂലം, ദശപുഷ്പം, തൃകടു, നാൽപാമരം, പഞ്ചവൽക്കം, തൃഗന്ധ, തൃജാതം എന്നീ കൂട്ടങ്ങളിൽ പെട്ട ഔഷധസസ്യങ്ങളുമുണ്ട്. ഹോർത്തുസ് മലബാറിക്കസ് എന്ന വിഖ്യാത ഗ്രന്ഥത്തിൽ സൂചിപ്പിച്ച സസ്യങ്ങളെല്ലാം നട്ടുവളർത്താനുള്ള അദ്ദേഹത്തിെൻറ ശ്രമം പുരോഗമിക്കുകയാണ്.
ജൈവവൈവിധ്യ സംരക്ഷണ അവാർഡ്, വനമിത്ര അവാർഡ് എന്നീ സംസ്ഥാന പുരസ്കാരങ്ങൾക്കു പുറമേ ഒരുപിടി അംഗീകാരങ്ങൾ ഈ പച്ചപ്പിെൻറ സ്രഷ്ടാവിനെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ ആശാലത, മകൻ ആനന്ദ് പി.കമ്മത്ത്, മകെൻറ ഭാര്യ ഡോ.ശ്യാമ, പെൺമക്കളായ വിനയ, ചിത്ര, പേരമക്കൾ എന്നിവരെല്ലാം ഇദ്ദേഹത്തോടൊപ്പം പ്രകൃതി സംരക്ഷണത്തിനായുണ്ട്. പിതാവിെൻറ വഴിയേ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുസമയം ഇതിനായി ഇറങ്ങിയിരിക്കുകയാണ് ആനന്ദ്. തെൻറ ജീവിതവും ജീവനും എന്നാണ് ചുറ്റുമുള്ള പച്ചപ്പിനെ പുരുഷോത്തമ കമ്മത്ത് വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.