കൊച്ചി: ജില്ലയിൽ മനുഷ്യനും വിളകൾക്കും ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം. മഴക്കാലത്ത് ആയിരക്കണക്കിനായാണ് ഇവ മണ്ണിൽനിന്ന് പൊങ്ങിവരുന്നത്. പ്രളയം, ഇറക്കുമതി തടികൾ, അന്തർ സംസ്ഥാനങ്ങളിൽനിന്നും ഇതര ജില്ലകളിൽനിന്നും വരുന്ന ലോറികൾ എന്നിവ വഴിയാണ് ആഫ്രിക്കൻ ഒച്ചുകൾ ഓരോയിടത്തും വ്യാപിച്ചത്.
കളമശ്ശേരി, ഏലൂർ, പെരുമ്പാവൂർ, അങ്കമാലി, കൊച്ചി കോർപറേഷൻ തുടങ്ങി എല്ലായിടത്തും ആഫിക്കൻ ഒച്ചുകളുടെ ഭീഷണിയുണ്ട്.വാഴ, പച്ചക്കറികൾ തുടങ്ങി അഞ്ഞൂറോളം വിളകൾക്ക് ഇവ ഭീഷണിയാണ്. ഇവയുടെ ഇലകളെല്ലാം ഒച്ചുകൾ തിന്നുനശിപ്പിക്കും. മനുഷ്യർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇവ വഹിക്കുന്ന നീമറ്റോഡ് വിര മസ്തിഷ്ക ജ്വരത്തിലേക്ക് നയിക്കാമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. കുട്ടികൾക്കാണ് കൂടുതലും ബാധിക്കുക. ഇതുമായി സ്പർശനത്തിൽ വന്നാൽ അലർജിയും സംഭവിക്കുന്നു. കിണർ, കുളം പോലുള്ള ജലസ്രോതസ്സുകളിലും ടാങ്കുകളിലും ആഫ്രിക്കൻ ഒച്ചുകൾ കിടന്നാൽ വിസർജ്യംകൊണ്ട് വെള്ളം മലിനമാകും.
മഴക്കാലത്താണ് ആഫ്രിക്കൻ ഒച്ചുകൾ മണ്ണിൽനിന്ന് പുറത്തേക്ക് വരുന്നതെന്നതിനാൽ ഈ സമയത്ത് മാത്രമാണ് ഇവയെ നശിപ്പിക്കാനും കഴിയൂ. വേനൽക്കാലത്ത് മണ്ണിനടിയിലാണ് കഴിയുക. പ്രകൃത്യാലുള്ള ശത്രുക്കൾ ഈ ഒച്ചിനില്ല. ഇതിെൻറ വംശവർധന വേഗത്തിലാകാനുള്ള കാരണവും ഇതാണ്. വർഷത്തിൽ മൂന്നുനാലു പ്രാവശ്യം മുട്ടയിടുന്നു. ഒന്നിൽനിന്ന് അഞ്ഞൂറോളം മുട്ടകൾ പുറത്തുവരും. അതിൽ 90 ശതമാനവും അതിജീവിച്ച് പെരുകും. ദ്വിലിംഗ ജീവിയായതിനാൽ പെറ്റുപെരുകുന്ന തോത് വളരെ കൂടുതലാണ്. മഴക്കാലത്തുതന്നെ പരമാവധി ആഫിക്കൻ ഒച്ചുകളെ നശിപ്പിച്ചില്ലെങ്കിൽ അടുത്ത മഴക്കാലം വരുേമ്പാഴേക്കും നിയന്ത്രിക്കാൻ കഴിയാത്ത വിധം പെരുകും.
കാൽസ്യം അടങ്ങിയതാണ് കട്ടിയേറിയ തോട്. അതിനാൽ കാൽസ്യത്തിെൻറ അളവുകുറഞ്ഞാൽ ഇവ സിമൻറ് വരെ തിന്നും. കനാലുകൾ, ഓടകൾ എന്നിവിടങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നവ അതിലെ കോൺക്രീറ്റിൽനിന്ന് സിമൻറാണ് ഭക്ഷണമാക്കുന്നത്.
പരിസര ശുചീകരണമാണ് ആഫ്രിക്കൻ ഒച്ചുകളെ അകറ്റിനിർത്താൻ അത്യാവശ്യം. വിളകൾക്ക് പുതയിടുന്നിടത്ത് ശല്യം കൂടുതലാണ്. വിളകളുടെ അടിത്തട്ടിൽ മാത്രം പുതയിടുകയും പരിസരം കാടുപിടിക്കാതെ മിനുക്കിയിടുകയും വേണം.
വ്യാപകമായി ഒച്ച് ഉണ്ടെങ്കിൽ ശേഖരിച്ച് കൂട്ടിയിട്ട ശേഷം ഉപ്പിട്ട് നശിപ്പിക്കാം. ഉപ്പ് കൃഷിയിടത്തിൽ അധികം വിതറിയാൽ വിളകൾക്ക് ദോഷമാകും. ഒച്ചിനെ ശേഖരിക്കുേമ്പാൾ കൈകളുമായി സ്പർശനത്തിൽ വരരുത്. ഉപ്പിട്ട് നശിപ്പിച്ചാൽ തോടുകൾ തെങ്ങിെൻറ ചുവട്ടിൽ ഇട്ടാൽ നല്ല വളമായി മാറും.
ആകർഷണക്കെണിയാണ് ഒച്ചുകളെ തുരത്താൻ മറ്റൊരു മാർഗം. നനഞ്ഞ ചണച്ചാക്കിൽ കാബേജ്, പപ്പായ എന്നിവയുടെ ഇലകൾ നിറക്കണം. പിന്നീട് പറമ്പിൽ ഒരു കുഴി കുഴിച്ച് അതിൽ ഇടണം. തേങ്ങാവെള്ളം ഒഴിച്ചുകൊടുത്താൽ കൂടുതൽ ഒച്ചുകൾ ഇതിലേക്ക് ആകർഷിക്കപ്പെടും. രാത്രിയോടെ പുറത്തിറങ്ങുന്ന ഒച്ചുകൾ ഇതിലേക്ക് ആകർഷിക്കപ്പെടും. രാവിലെ അതിൽ ഉപ്പിട്ടോ പുകയില, തുരിശ് ലായനികളിലൊന്നോ തളിച്ച് നശിപ്പിക്കാം.
കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടുപിടിച്ച വിദ്യയാണ് പുകയില കഷായവും തുരിശും ചേർത്ത ഒച്ചുനശീകരണ മിശ്രിതം. ഒരു ലിറ്റർ വെള്ളത്തിൽ 25 ഗ്രാം പുകയില തിളപ്പിച്ച് അരിച്ചെടുത്തതും ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം തുരിശ് അലിയിച്ചതുമായ ലായനികൾ ഒരുമിച്ചു കലക്കിയ ശേഷമാണ് ഒച്ചുകളിൽ തളിക്കേണ്ടത്. ഒച്ചുകൾ അധിവസിക്കുന്ന വിടവുകൾ, പ്രവേശിക്കുന്ന പാതകൾ എന്നിവിടങ്ങളിൽ ഇടക്കിടെ തളിച്ചുകൊടുക്കുന്നതും നല്ലതാണ്. ഒച്ചിെൻറ മേൽ ഇത് സ്പ്രേ ചെയ്താൽ മൂന്നുനാല് മിനിട്ട് കൊണ്ട് ചത്തുപോകും.
അരക്കിലോ ഗോതമ്പുമാവ്, 200 ഗ്രാം ശർക്കര പൊടി, അര ടീസ്പൂൺ ഈസ്റ്റ്, 25 ഗ്രാം തുരിശ് ഇവ നാലും കൂടി ചേർത്ത് ഇളക്കി ഉരുളകളാക്കി മാറ്റി പറമ്പിൽ പലയിടങ്ങളിലായി ഇടുന്നതും ഒച്ചിനെ നശിപ്പിക്കും. ഇവയിലേക്ക് ആകർഷിക്കപ്പെട്ട് തിന്നുന്നതോടെ നശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.