ആലങ്ങാട്: തിരുവാലൂരിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ബി.ജെ.പി -പൊലീസ് ഒത്തുകളിയാെണന്ന് പിതാവ് സുനിൽ കുമാർ. ഏപ്രിൽ 16നാണ് അഭിജിത്ത് ആത്മഹത്യ ചെയ്തത്. തിരുവാലൂർ അമ്പലത്തിൽ നടന്ന ഉത്സവത്തിൽ ബി.ജെ.പി മുൻ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ അഭിജിത്തിനെ ക്രൂരമായി ആക്രമിക്കുകയുണ്ടായി. ഈ വിഷയത്തിൽ അഭിജിത്ത് ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, അഭിജിത്തിന്റെ പരാതി പൊലീസ് സ്വീകരിച്ചില്ല. പകരം അഭിജിത്തിനെ പ്രതിയാക്കുകയും സ്റ്റേഷനിൽ എത്തിയപ്പോൾ മർദിക്കുകയും ചെയ്തു. അതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. തുടർന്ന് കുടുംബം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയും ചെയ്തു.
പിന്നീട് ഈ വിഷയത്തിൽ ശേഷം ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ബുധനാഴ്ച പൊലീസ് എട്ട് ബി.ജെ.പി പ്രവർത്തകരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ഇത്രയും ദിവസമായിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ല. ഇനിയും പൊലീസ് ഇങ്ങനെ സംഘപരിവാർ അനുകൂല നിലപാടുമായി മുന്നോട്ട് പോവുകയാണെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് കുടുംബം ആലോചിക്കുന്നതെന്ന് സുനിൽ കുമാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.