ആലങ്ങാട്: ജൽ ജീവൻ മിഷൻ പ്രവൃത്തികൾ നടക്കുന്ന കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ദിവസങ്ങളായി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന ജൽ ജീവൻ മിഷന്റെ പ്രവൃത്തികൾ നടക്കുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കരുമാല്ലൂർ, ആലങ്ങാട് മേഖലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കുമുള്ള പമ്പിങ് നിർത്തിവെച്ചിട്ട് ദിവസങ്ങളായി. മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽനിന്ന് കുന്നേൽ പള്ളി, യു.സി ഉന്നത ജല സംഭരണികളിലേക്കുള്ള എ.സി മെയിനുകൾ മാറ്റി ഡി.ഐ പൈപ്പ് ലൈനാണ് സ്ഥാപിക്കുന്നത്. പ്രവൃത്തികളിൽ കാലതാമസം വന്നതോടെ ഈ മൂന്ന് പഞ്ചായത്തിലും കുടിവെള്ളം കിട്ടാക്കനിയായി.
ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ ഏർപ്പെടുത്തിയ സംവിധാനം നിരാശജനകമായ രീതിയിലാണ്. ആലങ്ങാട് മാർക്കറ്റ് കേന്ദ്രീകരിച്ച് വലിയ ടാങ്കറുകളിൽ വെള്ളമെത്തിച്ച് അവിടെനിന്ന് ചെറിയ ടാങ്കർ ലോറികളിൽ പകർത്തിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. എന്നാൽ, ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. 20 മിനി ടാങ്കർ ലോറികളിലാണ് കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് മേഖലകളിൽ വെള്ളം വിതരണം ചെയ്യുന്നത്. കരുമാല്ലൂർ പഞ്ചായത്തിലേക്ക് 10 വാഹനങ്ങളും ആലങ്ങാട് മേഖലയിലേക്ക് ഒമ്പത് ടാങ്കർ ലോറികളും കടുങ്ങല്ലൂരിന് ഒരു വാഹനവുമാണ് അനുവദിച്ചിട്ടുള്ളത്.
ഒരു മിനി ടാങ്കർ ലോറിയിൽ 2000 ലിറ്റർ വെള്ളം മാത്രമാണ് ഉൾക്കൊള്ളുന്നത്. ഇതുമൂലം ഭൂരിപക്ഷം കുടുംബങ്ങൾക്കും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. അതേസമയം, കരുമാല്ലൂർ പഞ്ചായത്തിലെ മാഞ്ഞാലി കുന്നുംപുറത്ത് പഴയ എ.സി മെയിനുകൾ മാറ്റി ഡി.ഐ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതോടെ കുടിവെള്ള വിതരണം വീണ്ടും അവതാളത്തിലാകും.
കടുങ്ങല്ലൂർ പഞ്ചായത്തിൽ പൂർണമായും ആലങ്ങാട് പഞ്ചായത്തിൽ 13 മുതൽ 21ാം വാർഡുകളിലും തിങ്കളാഴ്ച മുതൽ കുടിവെള്ളം മുടങ്ങും. കരുമാല്ലൂർ പഞ്ചായത്തിന്റെ രണ്ട്, മൂന്ന് വാർഡുകളിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.
കടുങ്ങല്ലൂർ: പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പ്രതിഷേധവുമായി ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി ഓഫിസിൽ സമരം നടത്തി. 16 മുതൽ 21 വരെ കടുങ്ങല്ലൂർ മൂന്ന്, നാല് വാർഡുകളിൽ കുടിവെള്ളം മുടങ്ങുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, 22 മുതൽ 27 വരെ കടുങ്ങല്ലൂർ പഞ്ചായത്തിലാകെ കുടിവെള്ളം മുടങ്ങുമെന്ന അറിയിപ്പ് ഇപ്പോൾ വന്നിരിക്കുകയാണ്. ഫലത്തിൽ 16 മുതൽ പഞ്ചായത്തിലാകെ കുടിവെള്ളം മുടങ്ങിയ അവസ്ഥയിലാണ്.
ടാങ്കറിൽ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും നടന്നില്ല. ഇതിനെതിരെ ഒന്നാം വാർഡ് അംഗം ഓമന ശിവശങ്കരൻ, 10ാം വാർഡ് അംഗം മുഹമ്മദ് അൻവർ, സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, മുൻ അംഗം ടി.കെ. ജയൻ, ടി.കെ. രാജു, കെ.എസ്. നന്മദാസ് എന്നിവരാണ് പ്രതിഷേധിച്ചത്. തുടർന്ന് എ.ഇ ഇടപെട്ട് ഒരു ടാങ്കർ വെള്ളം ഒന്നാം വാർഡിലേക്ക് അയച്ചു. ഇതിനിടെ 10ാം വാർഡ് അംഗം മുഹമ്മദ് അൻവറിന്റെ നേതൃത്വത്തിൽ ജൽ ജീവൻ മിഷന്റെ ജോലികൾ തടസ്സപ്പെടുത്തി. വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കാതെവർക്ക് ജോലി തുടരാൻ അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച മുതൽ കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.