ആലങ്ങാട്: സർക്കാർ ഓഫിസുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ജനങ്ങൾ കയറിയിറങ്ങി വലയുന്നു. ഇതുകൊണ്ട് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്കായി മാസങ്ങളോളം നടക്കേണ്ടി വരുന്നതായി വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്.
കൃഷി ഓഫിസർ ഇല്ലാത്തതിന്റെ പേരിൽ ആലങ്ങാട്, പുത്തൻവേലിക്കര കൃഷി ഓഫിസുകളിലും മറ്റ് കൃഷി ഓഫിസുകളിൽനിന്നും അധിക ഉത്തരവാദിത്തം നൽകുന്നതുവഴി ജില്ലയിലെ പകുതിയോളം കൃഷി ഓഫിസുകൾ സംതഭനത്തിലേക്ക് നീങ്ങുകയാണ്. വില്ലേജ് ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ കുറവ് പലവട്ടം കലക്ടറേറ്റിൽ അറിയിച്ചിട്ടും നടപടിയില്ല.
ആലങ്ങാട് അസി.വില്ലേജ് ഓഫിസർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ കുറവ് ഉള്ളതായിട്ടാണ് നാട്ടുകാരുടെ പരാതി. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട 10,000 കണക്കിന് അപേക്ഷകൾ ഓരോ വില്ലേജ് ഓഫിസുകളിലും എത്തുന്നുണ്ടെങ്കിലും ഒന്നു രണ്ടോ കരാർ ജീവനക്കാരെ മാത്രം നിയമിച്ചതുകൊണ്ട് ഒരു കാര്യവും ഇല്ലെന്നും സ്പെഷൽ സ്ഥിര നിയമനങ്ങൾ നടത്തണമെന്ന് പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും നടപടിയില്ല. കൂടാതെ കൃഷി ഓഫിസുകളിൽ ഭൂമി ഡാറ്റ ബാങ്കിൽനിന്നും ഒഴിവാക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ അഞ്ച് ആറു വർഷങ്ങളായി കെട്ടിക്കിടക്കുന്നതായി ഭൂമി ഉടമകളും പരാതിപ്പെടുന്നുണ്ട്. എൽ.എൽ.എം.സി കൂടാൻ വിദഗ്ധ സമിതിക്ക് വർഷങ്ങളായി സമയം കിട്ടുന്നില്ല.
പഞ്ചായത്ത് സെക്രട്ടറി, കൃഷി, വില്ലേജ് ഓഫിസർമാരും ജോലിത്തിരക്കിന്റെ പേര് പറഞ്ഞ് മാറ്റിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ്. സാമ്പത്തിക വർഷം അവസാനിക്കുന്നതിനോട് അനുബന്ധിച്ച് റവന്യൂ, പഞ്ചായത്ത്, ലേബർ ഉൾപ്പെടെ മറ്റെല്ലാ വകുപ്പിലും നികുതി കുടിശ്ശികകൾ പിരിക്കുന്ന തിരക്കിലുമാണ്. ഭൂമിയുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും പരിഗണിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയമിക്കണമെന്നും ജനങ്ങളെ വർഷങ്ങളോളം അപേക്ഷയുമായി നടത്തിക്കരുതെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയിരിക്കുകയാണ് പൊതുപ്രവർത്തകനായ കെ.എ. നാരായണൻ കരിങ്ങാംതുരുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.