ആലുവ: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട നാലുപേരുടെ ജാമ്യം കൂടി റദ്ദാക്കി. വെങ്ങോല വില്ലേജ് ഓഫിസിന് സമീപം ബ്ലായിൽ വീട്ടിൽ നിഖിൽ രാജു (തമ്പി 31), അയ്യമ്പുഴ കുറ്റിപ്പാറ കോടിക്കാട്ട് വീട്ടിൽ അജീഷ് (35), എടത്തല ചൂണ്ടി ചങ്ങനംകുഴി വീട്ടിൽ മണികണ്ഠൻ (24), കടുങ്ങല്ലൂർ മുപ്പത്തടം മണപ്പുറത്ത് വീട്ടിൽ അർജ്ജുൻ കെ. ദാസ് (27) എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമായി തുടരുന്നതിന്‍റെ ഭാഗമായാണ് നടപടി. നാലുപേരും വിവിധ പൊലീസ് സ്‌റ്റേഷനുകളിലെ റൗഡി ലിസ്‌റ്റിൽ ഉള്‍പ്പെട്ടവരാണ്. സ്ത്രീകൾക്കെതിരെയുളള അതിക്രമം, വീട് കയറി ആക്രമണം, കൊലപാതക ശ്രമം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് നിഖിൽ രാജു. കൊലപാതക ശ്രമം, ആയുധ നിയമം, സ്ഫോടക വസ്തു നിയമം എന്നിവയടക്കമുള്ള കേസുകളിലെ പ്രതിയാണ് അജീഷ്.
കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കേസുകളാണ് മണികണ്ഠനെതിരെയുള്ളത്. തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കേസുകളിൽ അർജ്ജുൻ.കെ.ദാസ് പ്രതികയാണ്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നിർദേശാനുസരണം ബന്ധപ്പെട്ട കോടതികളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി. ജാമ്യവ്യവസ്‌ഥകള്‍ ലംഘിക്കുകയും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരുടെ മുന്‍കാല കേസുകളുടെ ജാമ്യവ്യവസ്‌ഥകള്‍ കര്‍ശനമായി പരിശോധിച്ചു വരികയാണെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു. നിലവില്‍ 13 പേരുടെ ജാമ്യം റദ്ദാക്കുകയും 64 പേരുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള റിപ്പോര്‍ട്ട് കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.