ശിവരാത്രി ബലിത്തറ നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് ; വഴങ്ങാതെ പുരോഹിതർ

ആലുവ: മണപ്പുറത്തെ ശിവരാത്രി ബലിത്തറകളുടെ നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ദേവസ്വം ബോർഡ്. എന്നാൽ, പുരോഹിതർ ഇത് അംഗീകരിച്ചിട്ടില്ല. അമിത നിരക്കിനെ തുടർന്ന് പുരോഹതർ ബഹിഷ്കരിച്ചതിനാൽ മൂന്ന് തവണ ബലിത്തറ ലേലം മുടങ്ങിയിരുന്നു.

ഇതേ തുടർന്നാണ് ഉപാധികളോടെ 15 ശതമാനം കുറക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. എന്നാൽ, ദേവസ്വം ബോർഡ് തീരുമാനം അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ പുരോഹിതർ ഉറച്ചുനിൽക്കുകയാണ്. വ്യാഴാഴ്ച്ച രാവിലെ 11ന് മണപ്പുറത്ത് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനവും നടക്കും.

2020ൽ 25,000 രൂപയിൽ അധികം തുകക്ക് ലേലം വിളിച്ച ബലിത്തറകളുടെ ലേലമാണ് ഇക്കുറി മൂന്ന് ഘട്ടമായി 15 ശതമാനം കുറക്കാൻ ബോർഡ് തീരുമാനിച്ചത്. അതിനായി ആദ്യം പുരോഹിതർ ലേല സ്ഥലത്ത് എത്തണം. 2020ലെ അടിസ്ഥാന തുകക്ക് ലേലം ആരംഭിക്കും. ആരും പങ്കെടുത്തില്ലെങ്കിൽ ഉടൻ അഞ്ച് ശതമാനം കുറച്ച് വീണ്ടും വിളിക്കും. അത്തരത്തിൽ മൂന്ന് ഘട്ടത്തിലായാണ് 15 ശതമാനം കുറക്കുന്നത്. ഓഡിറ്റ് ഒബ്ജക്ഷൻ ഒഴിവാക്കാനാണ് ഇത്തരത്തിൽ തീരുമാനിച്ചതെന്നറിയുന്നു.

എ കാറ്റഗറിയിലെ മുഴുവൻ തറകളും ബി കാറ്റഗറിയിൽ കുറച്ചുമാണ് 25,000 രൂപയിൽ അധികം രൂപയ്ക്ക് 2020ൽ ലേലത്തിൽ പോയത്. ബി യിലെ അവശേഷിച്ച തറകൾക്കും സി കാറ്റഗറിയിലെ മുഴുവൻ തറകൾക്കും ഇളവുകൾ ബാധകമല്ല. ഇവക്ക് 2020ലെ അടിസ്ഥാന ലേലത്തുക നൽകണം.

എന്നാൽ, ദേവസ്വം ബോർഡ് തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് പുരോഹിതർ പറയുന്നത്. ദേവസ്വം ബോർഡ് തീരുമാനം ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ മുഖേന അർച്ചക് പുരോഹിത് സഭയെ അറിയിച്ചിരുന്നു. എന്നാൽ, സമവായ സാധ്യതയുണ്ടായില്ല. ദേവസ്വം ബോർഡ് ചർച്ചക്ക് വിളിക്കാനാണ് പുരോഹിതർ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം 25ന് രാവിലെ പത്തിന് നിശ്ചയിച്ചിട്ടുള്ള ബലിത്തറ ലേലവും ബഹിഷ്കരിക്കാനാണ് നീക്കം. 

Tags:    
News Summary - Devaswom Board announces reduction in aluva Shivratri balithara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.