റൂറൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയ മണൽ വഞ്ചികൾ 

പെരിയാറിലെ മണൽ കൊള്ളക്കെതിരെ ജില്ല പൊലീസ് മേധാവി രംഗത്ത് ; നാല് വഞ്ചികൾ പിടികൂടി

ആലുവ: പെരിയാറിലെ മണൽ കൊള്ളക്കെതിരെ റൂറൽ ജില്ല പൊലീസ് മേധാവി രംഗത്ത്. നടപടികളുടെ ഭാഗമായി മണൽ വാരാൻ ഉപയോഗിക്കുന്ന നാല് വലിയ വഞ്ചികൾ പൊലീസ് പിടികൂടി. എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രണ്ട് വഞ്ചികൾ ആലുവ തുരുത്തിൽ നിന്നും, രണ്ടെണ്ണം കമ്പനിപ്പടി ഭാഗത്തെ കടവിൽ നിന്നുമാണ് പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുനു വഞ്ചികൾ. തോട്ടി, കഴകൾ, പുഴയിൽ ഉറപ്പിച്ചു നിർത്തുന്ന ആങ്കർ, സ്റ്റെപ്പ് ലാഡർ എന്നിവയും വഞ്ചിയിൽ നിന്ന് കണ്ടെടുത്തു.

പെരിയാറിൽ അനധികൃത മണൽവാരൽ രൂക്ഷമാണ്.  മണപ്പുറത്തിനും ആലുവ നഗരത്തോട് ചേർന്ന മറ്റ് പുഴയോരങ്ങളിലുമാണ് മണൽവാരൽ രൂക്ഷമായിരിക്കുന്നത്. കാലങ്ങളായി മണൽ മാഫിയ പെരിയാറിൽ കൊള്ള തുടങ്ങിയിട്ട്. രാത്രി വൈകിയാണ് കൂട്ടമായും ഒറ്റയായും വഞ്ചികൾ മണൽ വാരാനെത്തുന്നത്. വഞ്ചികൾ പലപ്പോഴും കുത്തിത്തുഴഞ്ഞായിരിക്കും വെളിച്ചമില്ലാത്ത ഭാഗങ്ങളിലെത്തിച്ച് മണൽ വാരുന്നത്. വഞ്ചി നിറയുന്നതു വരെ ഓരോ സംഘവും മണലൂറ്റ് തുടരും.

പുലർച്ചെ വരെ ഓരോ വഞ്ചികളിലായി മണൽ നിറക്കും. നിറയുന്ന വഞ്ചികൾ ആളൊഴിഞ്ഞ കടവുകളിലും പുഴയോരങ്ങളിലും എത്തിച്ച് മണൽ കരയിൽ ഇറക്കും. ഇതേ സമയത്തു തന്നെ മണൽ വിവിധ സ്ഥലങ്ങളിലെത്തിക്കാനുള്ള ലോറികളും അവിടെയുണ്ടാകും. ഇത്തരത്തിൽ മണൽ കടത്തുന്ന വിവരങ്ങൾ നാട്ടുകാർ നൽകിയാലും പൊലീസ് കാര്യമായ നടപടികളെടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്. കുറച്ചു നാൾ മുൻപ് ഒരു പറ്റം യുവാക്കൾ മണൽ പിടികൂടി പൊലീസിനെ വിളിച്ചിട്ട് ഏറെ കഴിഞ്ഞാണ് അവരെത്തിയതെന്ന് പരാതിയുണ്ടായിരുന്നു. 

ഏറെ നാൾ മുമ്പ് വരെ പൊലീസ് പട്രോളിങ് നടത്താറുണ്ടായിരുന്നെങ്കിലും നിലവിൽ പരിശോധന നിലച്ച അവസ്ഥയിലായിരുന്നു. മണൽ മാഫിയ സംഘം നടത്തുന്ന പ്രകൃതി ചൂഷണത്തിന് ഉന്നതരുടെ മൗന സമ്മതമുണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു. പൊലീസിനെതിരെയടക്കം പരാതികൾ വ്യാപകമായതോടെയാണ് എസ്.പി നേരിട്ടിറങ്ങിയത്.  

Tags:    
News Summary - district police chief against Sand mining from periyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.