ആലുവ: കർക്കടക വാവ് ബലിതർപ്പണം ഇക്കുറി പെരിയാറിനോട് ചേർന്ന മണപ്പുറത്ത് നടക്കില്ല. പകരം മണപ്പുറത്തെ പാർക്കിങ് ഏരിയയിലാകും ചടങ്ങുകൾ. വെള്ളപ്പൊക്കത്തെ തുടർന്ന് മണപ്പുറത്ത് ചളിയും മാലിന്യവും നിറഞ്ഞതാണ് കാരണം. ശനിയാഴ്ച പുലർച്ച അഞ്ചോടെ ആലുവ മണപ്പുറം ശിവക്ഷേത്രത്തിലെ പതിവ് പൂജകളോടെ വാവുബലി തർപ്പണത്തിന് തുടക്കമാകും. പാർക്കിങ് ഏരിയയിൽ മഴ നനയാതെ കർമങ്ങൾ നടത്താൻ ഹാംഗർ പന്തൽ സ്ഥാപിച്ചിട്ടുണ്ട്. ഒരേസമയം 500 പേർക്ക് ഇതിനുള്ളിൽ ബലിതർപ്പണം നടത്താം. മണപ്പുറം ക്ഷേത്രത്തോട് ചേർന്നാണ് തർപ്പണം നടത്തുന്നതെങ്കിലും ക്ഷേത്രത്തിലേക്കോ മണപ്പുറത്തേക്കോ ആർക്കും പ്രവേശനം ഉണ്ടാകില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പെരിയാറിൽ ജലനിരപ്പ് ഉയരാനിടയുണ്ട്. ഈ സാഹചര്യത്തിൽ അപകടം ഒഴിവാക്കാനാണ് ക്ഷേത്രത്തിലേക്കും മണപ്പുറത്തേക്കും പ്രവേശനം നിരോധിച്ചത്.
ബലിതർപ്പണത്തിന് എത്തുന്നവർക്ക് പുഴയോരത്തേക്ക് പോകാനോ മുങ്ങിക്കുളിക്കാനോ അനുമതിയില്ല. ഭജനമഠത്തിന് സമീപമുള്ള മുകളിലെ ക്ഷേത്രത്തിൽ ദർശനം നടത്താൻ സൗകര്യമുണ്ടാകും. പാർക്കിങ് ഏരിയയിൽ തിരക്ക് കൂടിയാൽ ജി.സി.ഡി.എ മണപ്പുറം റോഡിലും ബലിതർപ്പണത്തിന് സൗകര്യമൊരുക്കും. കൊട്ടാരക്കടവിൽനിന്ന് മണപ്പുറം ഭാഗത്തേക്കുള്ള നടപ്പാലം അടച്ചു.
അതിനാൽ തോട്ടക്കാട്ടുകര വഴി മാത്രമേ മണപ്പുറത്തേക്ക് പ്രവേശനം അനുവദിക്കൂ. കാലാവസ്ഥ പ്രതികൂലമായതിനാൽ അപ്പം, അരവണ തുടങ്ങിയവ തയാറാക്കാൻ കഴിഞ്ഞിട്ടില്ല. പകരം കൂട്ടുപായസം, പാൽപായസം എന്നിവ പ്രത്യേക കൗണ്ടറിൽ ലഭ്യമാക്കും. ശനിയാഴ്ച ഉച്ചക്ക് 12 വരെയാണ് ബലിതർപ്പണമെങ്കിലും ജനത്തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ചയും തർപ്പണത്തിന് സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.