ആലുവ: ഇറക്കുമതി സ്ഥാനാർഥി പരീക്ഷണം വിജയിക്കാതെ വന്നതോടെ ആലുവയിലെ സി.പി.എമ്മിൽ മുറുമുറുപ്പ്. പാർട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുത്ത നേതാക്കളെ പോലും അവഗണിച്ച്, പാർട്ടിയുമായോ പൊതുപ്രവർത്തനവുമായോ യാതൊരു ബന്ധവുമില്ലാത്തയാളെ സ്ഥാനാർഥിയാക്കിയതിൽ സി.പി.എമ്മിെൻറ താഴെത്തട്ടിൽ വരെ പ്രതിഷേധമുണ്ടായിരുന്നു.
മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.മുഹമ്മദാലിയുടെ മകെൻറ ഭാര്യ ഷെൽന നിഷാദിനെയാണ് സി.പി.എം രംഗത്തിറക്കിയിരുന്നത്. കോൺഗ്രസിൽ വിള്ളലുണ്ടാക്കി ആലുവ നിയമസഭ മണ്ഡലം തിരികെ പിടിക്കാനാണ് ഇതിലൂടെ സി.പി.എം ലക്ഷ്യമിടുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, സി.പി.എം നേതാവിെൻറ മകളുമായി ഷെൽനക്കുള്ള അടുപ്പമാണ് സ്ഥാനാർഥിത്വം പരിഗണിക്കപ്പെടാൻ ഇടയാക്കിയതത്രെ. ഒരു മുതിർന്ന നേതാവുവഴി ജില്ല കമ്മിറ്റിയിൽ ഇവരുടെ പേര് പറയിച്ചതായാണ് അറിയുന്നത്. ഇക്കാര്യം പുറത്തുവന്നപ്പോൾ മുതൽ പ്രാദേശിക സി.പി.എം നേതാക്കന്മാരും പ്രവർത്തകരും ഇതിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
പ്രാദേശിക തലത്തിൽനിന്ന് നിർദേശിക്കപ്പെട്ട പേരുകളിൽ ഒന്നുപോലും ഷെൽനയുടെ പേരിനൊപ്പം ജില്ല കമ്മിറ്റിയിൽനിന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് പോയിരുന്നുമില്ല. ഇതും പ്രവർത്തകരെ അതൃപ്തരാക്കിയിരുന്നു. താൻ സംസ്ഥാന നേതൃത്വത്തിെൻറ നോമിനിയാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷെൽന തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അൻവർ സാദത്ത് ഐ ഗ്രൂപ്പുകാരനായതിനാൽ ഷെൽന വഴി വോട്ടുകൾ മറിക്കാനാകുമെന്ന വാദമാണ് എൽ.ഡി.എഫ് നേതാക്കൾ ഉയർത്തിയത്.
എന്നാൽ, മുഹമ്മദാലി എ ഗ്രൂപ്പ് നേതാവാണെങ്കിലും ഇപ്പോൾ പ്രാദേശിക നേതൃത്വവുമായി അത്ര സുഖത്തിലല്ല. എ ഗ്രൂപ് നേതാവായിരുന്ന എം.ഒ. ജോൺ മുമ്പ് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് മുതൽ ഐ ഗ്രൂപ്പിനോടുള്ളതിനേക്കാൾ വിരോധം എ വിഭാഗക്കാർക്ക് മുഹമ്മദാലിയോടാണ്. അതിനാൽ ഷെൽനയെ ഇടത് സ്ഥാനാർഥിയാക്കിയതോടെ അൻവർ സാദത്തിനോട് എതിർപ്പുണ്ടായിരുന്നവർ പോലും അദ്ദേഹത്തിന് വോട്ട് ചെയ്തതായാണ് കണക്കാക്കുന്നത്.
സി.പി.എം അനുഭാവികളുടെ വോട്ടും യു.ഡി.എഫിലേക്ക് പോയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
മുതിർന്ന നേതാവും കീഴ്മാട് ലോക്കൽ സെക്രട്ടറിയുമായ കെ.എ. ബഷീർ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.ഷബീർ അലി, മുൻ ചെങ്ങമനാട് പഞ്ചായത്ത് അംഗം അഡ്വ.കെ.കെ.നാസർ, വ്യാപാരി നേതാവ് അഡ്വ.എ.ജെ.റിയാസ് തുടങ്ങിയവരായിരുന്നു പ്രാദേശിക നേതൃത്വത്തിെൻറ സ്ഥാനാർഥി പട്ടികയിലെ പ്രമുഖർ. എന്നാൽ, ജില്ല കമ്മിറ്റിയിൽ ആദ്യ പട്ടികയിലെ പേരുകൾ ചർച്ച ചെയ്ത ശേഷമാണ് ഷെൽനയുടെ പേര് മാത്രമായി സംസ്ഥാന സെക്രേട്ടറിയറ്റിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.