ആലുവ: ചെറുമകൻ ധീരജിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്‍റെ നിർവൃതിയിലാണ് രാധാമണി അമ്മൂമ്മ. അമ്മൂമ്മയുടെ കരൾ സ്വീകരിച്ച ധീരജ് ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി. ആലുവ രാജഗിരി ആശുപത്രിയിലാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. അഞ്ച് വയസ്സുകാരൻ ധീരജിന് കരൾ പകുത്തുനൽകാൻ മുന്നോട്ട് വന്ന 61കാരിയായ അമ്മൂമ്മ രാധാമണി ഏവരുടെയും ഹൃദയം കീഴടക്കി.
മാവേലിക്കര സ്വദേശികളായ ദിനുരാജ്- കവിത ദമ്പതികളുടെ മകൻ ധീരജിന് ജന്മന 'ബിലിയറി അട്രീഷ്യ' എന്ന ഗുരുതര കരൾരോഗം ബാധിച്ചിരുന്നു. അഞ്ച് വർഷത്തോളം വിവിധ ചികിത്സരീതികൾ പരീക്ഷിച്ചിട്ടും പുരോഗതി ഉണ്ടായില്ല. കഴിഞ്ഞ മാസം കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിൽ കരൾരോഗ വിദഗ്ധൻ ഡോ. സിറിയക് അബി ഫിലിപ്സ്, കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. രാമചന്ദ്രൻ എന്നിവരെ കാണിച്ചു. കരളിന്റെ 20 ശതമാനം മാത്രമാണ് പ്രവർത്തനക്ഷമമായിരുന്നത്. തുടർ പരിശോധനയിൽ കരൾ മാറ്റിവെക്കുകയല്ലാതെ കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ വേറെ മാർഗമില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തയറായ ധീരജിനായി യോജിച്ച ദാതാവിനെ കണ്ടുപിടിക്കലായിരുന്നു പ്രധാന വെല്ലുവിളി. അമ്മൂമ്മ രാധാമണി പ്രായം പോലും അവഗണിച്ച് കരൾ പകുത്തുനൽകാൻ തയാറാവുകയായിരുന്നു. രാജഗിരി ആശുപത്രിയിൽ ഡോ. രാമചന്ദ്രന്‍റെ നേതൃത്വത്തിൽ നടത്തിയ കരൾമാറ്റ ശസ്ത്രക്രിയക്ക് ശേഷം ധീരജ് ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.