ആലുവ: ബസുകളുടെ മരണപ്പാച്ചിൽ റോഡുകളിൽ അപകട പരമ്പര തീർക്കുന്നു. മത്സരയോട്ടത്തിന് പുറമെ ഡ്രൈവർമാരുടെ ലഹരിയും അപകടങ്ങൾക്ക് ഇടയാക്കുന്നതായാണ് ആക്ഷേപം. സ്വകാര്യ ബസുകൾ കൂടാതെ കെ.എസ്.ആർ.ടി.സിയും ലോറികളും അപകടങ്ങളുണ്ടാക്കുന്നുണ്ട്. ഒരിടവേളക്കുശേഷം അപകടങ്ങൾ മേഖലയിൽ പതിവായിരിക്കുകയാണ്. ബുധനാഴ്ച നഗരത്തിലുണ്ടായ അപകടത്തിൽ 14 പേർക്കാണ് പരിക്കേറ്റത്. അതിന് മുമ്പ് തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡിലുണ്ടായ അപകടത്തിൽ ഒരു യാത്രക്കാരിക്കും പരിക്കേറ്റിരുന്നു.
നഗരം കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന സ്വകാര്യബസുകൾ അമിതവേഗത്തിലാണ് പായുന്നത്. എറണാകുളം, പെരുമ്പാവൂർ, പൂക്കാട്ടുപടി, കടുങ്ങല്ലൂർ, ആലങ്ങാട് റൂട്ടുകളിലെ ബസുകളാണ് പ്രധാനമായും 'മരണപ്പാച്ചിൽ' നടത്താറുള്ളത്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം എറണാകുളം സിറ്റി സർവിസിലും ബസുകൾ തമ്മിൽ മത്സരയോട്ടം തുടങ്ങിയിട്ടുണ്ട്.
ആലുവ-പെരുമ്പാവൂർ റൂട്ടിലെ രണ്ട് റോഡിലും ആലുവ-കാലടി റോഡുകളിലും ചൂണ്ടി-കിഴക്കമ്പലം റോഡിലും പുക്കാട്ടുപടി-ഇടപ്പള്ളി റോഡിലും ആലുവ-കടുങ്ങല്ലൂർ, റോഡിലും അപകടങ്ങൾ പതിവായിരിക്കുകയാണ്. എന്നാൽ, അധികൃതർ കാര്യമായ നടപടിയൊന്നും കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒമ്പതിനുശേഷമാണ് ആലുവ ബാങ്ക് കവലയിൽ മുപ്പത്തടത്തുനിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ആകാശ് എന്ന ബസ് അപകടമുണ്ടാക്കിയത്.
നഗരത്തിലെ തിരക്കേറിയ ബാങ്ക് കവല ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിെൻറ പിന്നിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസിനകത്ത് തെറിച്ചുവീണും മുഖം കമ്പിയിൽ ഇടിച്ചും മറ്റുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. വരുന്ന വഴി കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രത്തിന് മുന്നിലെ പോസ്റ്റിൽ ഇടിച്ചിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
ഇതിന് കുറച്ചുദിവസം മുമ്പ് തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡിൽ തോട്ടക്കാട്ടുകര കനാൽ റോഡിനു സമീപം സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ചിരുന്നു. ഇടിയെ തുടർന്ന് യാത്രക്കാരിയുടെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. മേഖലയിൽ അപകടങ്ങൾ പതിവായതിനെ തുടർന്ന് പൊലീസ്, ബസ് ഡ്രൈവർമാർ ലഹരി പരിശോധന ഇടക്ക് നടത്തിയിരുന്നു. സ്റ്റാൻഡിലും ബസുകൾ നിർത്തിയിടുന്ന സ്ഥലങ്ങളിലും രാത്രിയിൽ മദ്യപാനം പതിവാണ്.
ഇതേതുടർന്നാണ് പൊലീസ് രാവിലെ തന്നെ പരിശോധന നടത്തിയിരുന്നത്. എന്നാൽ, ഏതാനും വർഷങ്ങളായി ഇത്തരം പരിശോധന നടക്കുന്നില്ല. ബാങ്ക് കവലയിൽ ബുധനാഴ്ച അപകടത്തിൽപെട്ട സ്വകാര്യ ബസിൽ ഒഴിഞ്ഞ മദ്യക്കുപ്പികളുണ്ടായിരുന്നു.
നിയന്ത്രണംവിട്ട കാർ പഴക്കടയിലേക്ക് ഇടിച്ചുകയറി
ആലുവ: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ പഴക്കടയിലേക്ക് ഇടിച്ചുകയറി.
ഞായറാഴ്ച വൈകീട്ട് നാലോടെ ഗാേരജിനും കമ്പനിപ്പടിക്കും ഇടയിലാണ് അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് പഴക്കടയിലേക്ക് ഇടിച്ചുകയറിയത്. ഇതിനിടയിൽ ഇരുചക്ര വാഹനത്തിലും കാർ ഇടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.