കൊച്ചി: കടുത്ത നെഞ്ചുവേദനയും അനിയന്ത്രിത രക്തസമ്മര്‍ദവുമായി ശ്രീലങ്കയില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിച്ച രോഗിയുടെ ജീവന്‍ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. കൊളംബോ സ്വദേശി ഷെയ്ന്‍ ബെര്‍ണാഡ് ക്രോണര്‍ എന്ന 59കാരനിലാണ് ഫ്രോസണ്‍ എലിഫൻറ് ട്രങ്ക് (എഫ്.ഇ.ടി) സ്റ്റെൻറ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തിയത്.
ശ്രീലങ്കയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിെൻറ രക്തസമ്മര്‍ദം അനിയന്ത്രിതമായി തുടരുകയും ജീവന് ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് ആസ്റ്ററിലെ കണ്‍സള്‍ട്ടൻറ് ഇൻറര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ് ഡോ. രോഹിത് നായര്‍ക്ക് രോഗിയുടെ സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ അയച്ചുനല്‍കിയത്.
ഇത് പരിശോധിച്ച ഡോക്ടര്‍മാര്‍ രോഗിയുടെ ശരീരത്തിലെ ഏറ്റവും വലിയ രക്തധമനിയായ അയോട്ടയുടെ ആന്തരിക പാളിയില്‍ മുറിവുണ്ടാകുന്ന അയോട്ടിക് ഡിസെക്ഷന്‍ എന്ന ഗുരുതരാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ മൂലം രോഗിയെ കൊച്ചിയിൽ എത്തിക്കുന്നത് ബുദ്ധിമുട്ടായതിനാൽ ഇൻറര്‍നാഷനല്‍ ക്രിറ്റിക്കല്‍ കെയര്‍ എയര്‍ ട്രാന്‍സ്ഫറിലെ (ഐ.സി.സി.എ.ടി) ഡോ. രാഹുല്‍ സിങ്ങുമായി ബന്ധപ്പെട്ടാണ് ഇവിടെയെത്തിച്ചത്. എഫ്.ഇ.ടി സ്റ്റെൻറ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയയാണ് പോംവഴിയായി നിർദേശിക്കപ്പെട്ടത്.
ആസ്റ്ററിലെ കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി (സി.ടി.വി.എസ്) വിഭാഗം തലവനായ ഡോ. മനോജ് നായർ, ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍, ഡോ. രോഹിത് നായര്‍, ഡോ. സുരേഷ് ജി. നായര്‍, ഡോ. ജോയല്‍, ഡോ. അനുപമ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ ചെയ്തത്. രോഗിയുടെ പ്രധാന അവയവങ്ങളെല്ലാം ശരിയായി പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.