കാക്കനാട്: റസ്റ്റാറന്റിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് ജീവനക്കാരെ മർദിക്കുകയും ഭക്ഷണസാധനങ്ങളിൽ മണ്ണ് വാരിയിടുകയും ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ബാലുശ്ശേരി കിനാലൂർ സ്വദേശി നീലംപറമ്പിൽ വീട്ടിൽ ആഷിക് (22), പൂനൂർ ഉണ്ണിക്കുളം സ്വദേശികളായ കൊല്ലംകണ്ടി വീട്ടിൽ മുഹമ്മദ് സലാഹ് (21), വടക്കോത്ത്പൊയിൽ വീട്ടിൽ മുഹമ്മദ് ഇസ്മായിൽ (22) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി മരോട്ടിച്ചുവടിലെ താൽ കിച്ചൻ ഹോട്ടലിലാണ് പ്രതികൾ അതിക്രമം അഴിച്ചുവിട്ടത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. പെൺ സുഹൃത്തുക്കളുമൊത്ത് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയ നാല് യുവാക്കളായിരുന്നു അനിഷ്ടസംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ ഹോട്ടലിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതോടെ ഹോട്ടൽ ജീവനക്കാരും യുവാക്കളും തമ്മിൽ സംഘർഷവും ബഹളവുമുണ്ടായി.
തുടർന്ന് അസഭ്യം പറഞ്ഞ് ഇറങ്ങിപ്പോയ യുവാക്കൾ അരമണിക്കൂറിനു ശേഷം നാലുപേരെക്കൂടി കൂട്ടി തിരിച്ചെത്തിയാണ് അക്രമം അഴിച്ചുവിട്ടത്. ഹോട്ടൽ അടിച്ചു തകർക്കുകയും ഭക്ഷണത്തിൽ മണ്ണ് വാരിയിടുകയും ജീവനക്കാരെയും ഉടമകളെയും മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.