ഫോർട്ട്കൊച്ചി : വൈപ്പിൻ - ഫോർട്ട്കൊച്ചി മേഖലയിലെ ഇരുകരക്കാരുടെയും നടുവൊടിച്ച് നഗരസഭ. ജെട്ടികളുടെ അറ്റകുറ്റപണികളെ തുടർന്ന് രണ്ട് റോ റോകളും ചൊവ്വാഴ്ച സർവീസ് നടത്തില്ല. ഇതോടെ ഒരു കരയിൽ നിന്ന് മറുകര കടക്കാനാവാതെ ജനം വലയും. റോ റോ ജെട്ടിയിലെ കോൺക്രീറ്റ് ഇളകിയതിനാൽ റോ റോ വെസൽ അടുപ്പിക്കുമ്പോൾ വെസലിലെ റാമ്പിന്റെ പല്ലുകൾ ഒടിഞ്ഞു പോകുന്നു . ഇത് ഒഴിവാക്കാനാണ് ജെട്ടിയിൽ തിങ്കളാഴ്ച രാത്രി അറ്റകുറ്റപ്പണി തുടങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ച പൂർണമായും സർവീസ് നിലക്കുന്നതോടെ ആയിരങ്ങളാണ് കഷ്ടത്തിലാകുന്നത്.
രണ്ട് റോ റോ വെസലുകളും ഒരു ബോട്ടുമാണ് കൊച്ചി നഗരസഭ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നത്. യാനങ്ങൾ നഗരസഭയുടേതാണെങ്കിലും സർവിസ് നടത്താൻ ചുമതല ഏൽപ്പിച്ചിരിക്കുന്നത് കിൻകോയെയാണ്. എന്നാൽ ഒരു വർഷത്തോളമായി മേഖലയിൽ സർവീസ് നടത്തിയിരുന്ന ഫോർട്ട് ക്യൂൻ എന്ന ബോട്ട് ലൈസൻസ് കാലാവധി തീർന്നതിനെ തുടർന്ന് മാറ്റിയിട്ടിരിക്കുകയാണ്. ലൈസൻസ് പുതുക്കാൻ ഇതുവരെ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
മൂന്നാമതൊരു റോ റോ വെസൽ മേഖലയിലേക്ക് തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് ഒരു യാനത്തിന്റെ ലൈസൻസ് പുതുക്കാൻ പോലും കഴിയാത്ത ദുരവസ്ഥ. നഗരസഭയുടെ അനാസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുജീബ് റഹ്മാൻ പറഞ്ഞു. ബദൽ സംവിധാനം ഒരുക്കാൻ പോലും തയ്യാറാകാത്ത നഗരസഭയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനകീയ സമിതി കൺവീനർ എ. ജലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.