കിഴക്കമ്പലം: കനാല്‍ വെള്ളം എത്താത്തതുമൂലം കിഴക്കമ്പലം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തില്‍. പഞ്ചായത്തിലെ മലയിടംതുരുത്ത്, മാക്കീനിക്കര, ചെമ്മലപ്പടി, പുക്കാട്ടുപടി, പഴങ്ങനാട്, ഊരക്കാട്, താമരച്ചാല്‍ എന്നിവിടങ്ങളിലാണ് കനാല്‍ വെള്ളം തുറന്നുവിടാത്തതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.
വേനലില്‍ പെരിയാര്‍വാലി കനാല്‍ വെള്ളത്തെ ആശ്രയിച്ചാണ് കിണറുകളിൽ ജലനിരപ്പ് ഉയരുന്നതും താഴുന്നതും. കഠിനമായ ചൂടും മഴയുടെ ലഭ്യത കുറവും മൂലം കിണറുകളില്‍ വെള്ളം വറ്റി തുടങ്ങി. കാര്‍ഷികവിളകളും ഉണക്കുബാധിച്ചു തുടങ്ങി.
പെരിയാര്‍വാലി ഇറിഗേഷന്‍ വകുപ്പിലെ ഇ.ഇ മുതല്‍ എ.ഇ വരെയുള്ളവരുമായി സംസാരിച്ചിട്ടും രണ്ടാഴ്ചയിലേറെയായി കനാലുകളില്‍ വെള്ളം തുറന്നുവിടാന്‍ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, പ്രധാന കനാലുകളിലെ ജലനിരപ്പിലെ അളവ് കുറവുമൂലം ചെറിയ കാനലുകളിലേക്ക് വെള്ളത്തിന്റെ തള്ളല്‍ കുറഞ്ഞതാണ് ജലം എത്താത്തതിന് പ്രധാനകാരണമെന്നാണ് നിഗമനം. മലയിടംതുരുത്ത് ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന കനാലിന്റെ കവാടത്തില്‍ പഴയപാലം ഇടിഞ്ഞുവീണു കിടക്കുന്നതിനാല്‍ സുഗമമായി ഒഴുകാന്‍ കഴിയാത്തതാണ് ഇവിടേക്ക് വെള്ളം എത്താത്തതിനു കാരണം. പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പെരിയാര്‍വാലി അധികൃതര്‍ തയാറാകാതായതോടെ അത് നീക്കാൻ പഞ്ചായത്ത് ശ്രമിച്ചെങ്കിലും ഒരു വിഭാഗം പ്രതിഷേധവുമായി എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.