കൊച്ചി: കോർപറേഷൻ ഡിവിഷൻ തലത്തിൽ കരാറുകാർ ഏറ്റെടുക്കാത്ത പ്രവൃത്തികളെല്ലാം തൊഴിലുറപ്പുകാരെ ഏൽപിക്കാൻ പുതിയ ഭരണസമിതി തീരുമാനം. ഇതിെൻറ അടിസ്ഥാനത്തിൽ ഓരോ ഡിവിഷനിലെയും തൊഴിലാളികളുടെ എണ്ണമെടുക്കുന്നതിന് കൗൺസിലർമാർക്ക് നിർദേശം നൽകി.
കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ തൊഴിൽരഹിതരായ നിരവധി ആളുകൾ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. അതിെൻറകൂടി അടിസ്ഥാനത്തിൽ കോർപറേഷൻ തൊഴിലുറപ്പുകാരുടെ പുതിയ പട്ടിക തയാറാക്കുകയാണ്. ചളി കോരൽ, പുല്ലുവെട്ടൽ, കൃഷിനിലം ഒരുക്കൽ തുടങ്ങി കരാറുകാർ ഏറ്റെടുക്കാത്ത പണികളാണ് ഇവരെ ഏൽപിക്കാൻ ഉദ്ദേശിക്കുന്നത്. ദാരിദ്ര്യ നിർമാർജനംകൂടി ഇതിെൻറ ലക്ഷ്യമാണെന്നും ഭരണസമിതി ചൂണ്ടിക്കാട്ടുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ ഗ്രാമങ്ങളിൽ മാത്രമായി തെവഴിലുറപ്പ് ഒതുങ്ങുമ്പോൾ കേരളത്തിൽ മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുകയാണ്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പൂർണചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാറാണ്. നഗരപ്രദേശങ്ങളിൽ ദാരിദ്ര്യനിർമാർജനം, ഒരുകുടുംബത്തിന് പ്രതിവർഷം 15,000 രൂപയുടെ അധിക വരുമാനം, പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ പരിപോഷണം, മണ്ണ്, ജല, ജൈവസമ്പത്തുകളുടെ സംരക്ഷണം എന്നിവയാണ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങൾ. നിലവിൽ 5000 പേരാണ് തൊഴിലുറപ്പിൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അധികവും സ്ത്രീകളാണ്. ഇതിൽ 3400 പേർ ഭവനപദ്ധതിയായ പി.എം.എ.വൈക്കുവേണ്ടി പണിയെടുക്കുന്നവരാണ്. തൊഴിലുറപ്പിനുള്ള വേതനനിരക്ക് പ്രതിദിനം 291 രൂപയാണ്. പണിയായുധം കൊണ്ടുവരുന്ന തൊഴിലാളികൾക്ക് അഞ്ചുരൂപ കൂടുതലായി ലഭിക്കും. 18-75 പ്രായപരിധിയിലുള്ള ആരോഗ്യമുള്ള ആർക്കും പദ്ധതിയിൽ ചേരാം.
നേരേത്ത 65 ആയിരുന്നു പ്രായപരിധി. കോവിഡുകാലത്തെ തൊഴിൽമാന്ദ്യം കണക്കിലെടുത്ത് 75 വയസ്സുവരെയുള്ളവരെ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ സാമ്പത്തികവർഷം 200 കോടിരൂപ പദ്ധതിക്ക് നീക്കിവക്കുമെന്നാണ് സർക്കാറിെൻറ ബജറ്റ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.