മട്ടാഞ്ചേരി: മണ്ഡലം പ്രസിഡൻറുമാരുടെ നിയമനത്തെതുടർന്ന് കൊച്ചി മണ്ഡലത്തിലെ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പ്രഖ്യാപനത്തിനുശേഷം കോൺഗ്രസ് പ്രവർത്തകർ പല മണ്ഡലങ്ങളിലും ഏതാണ്ട് നിർജീവമായിരിക്കുകയാണ്. അതിനിടെ, വിഘടിച്ച് നിൽക്കുന്ന കൗൺസിലർമാർ ഉൾപ്പെടെ ചില നേതാക്കൾ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൂടുതൽ കോൺഗ്രസ് അംഗങ്ങളെ പങ്കെടുപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം.
കൊച്ചി നോർത്ത് ബ്ലോക്കിലെ ഈരവേലി, പനയപ്പിള്ളി, ഫോർട്ട്കൊച്ചി നോർത്ത് മണ്ഡലം കമ്മിറ്റികളുടെ പ്രസിഡൻറുമാരെ പ്രഖ്യാപിച്ചതിൽ എ, ഐ ഗ്രൂപ്പുകളിൽ കടുത്ത അമർഷം നിലനിൽക്കുന്നതിനിടെയാണ് നവകേരള സദസ്സ് നടക്കുന്നത്. ഈരവേലി മണ്ഡലം പ്രസിഡൻറായിരുന്ന കൗൺസിലർ കൂടിയായ കെ.എ. മനാഫിന്റെയും മണ്ഡലം കമ്മിറ്റിയുടെയും അഭിപ്രായം പൂർണമായും തള്ളിയാണ് പുതിയയാളെ പ്രഖ്യാപിച്ചത്.
എ ഗ്രൂപ്പിന്റെ കൈയിൽ ഉണ്ടായിരുന്ന പനയപ്പിള്ളി മണ്ഡലത്തിൽ ഇവരുടെ അഭിപ്രായം തള്ളിയാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. ഫോർട്ട്കൊച്ചിയിലാകട്ടെ അസംബ്ലി തെരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിച്ചയാളെ പ്രസിഡൻറാക്കിയതിലാണ് പ്രതിഷേധം.
പലയിടത്തും മറ്റ് മണ്ഡലത്തിൽ താമസിക്കുന്നവരെ പ്രസിഡൻറാക്കിയതിലും പ്രതിഷേധമുണ്ട്. ഈരവേലിയിൽ മണ്ഡലം പ്രസിഡൻറ് ചുമതലയേൽക്കുന്ന ചടങ്ങിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും കെ.പി.സി.സി സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തടയുകയും ചെയ്തിരുന്നു. ഫോർട്ട്കൊച്ചിയിലും വാക്കേറ്റവും ബഹളവും ഉണ്ടായി. നവകേരള സദസ്സിൽ പങ്കെടുക്കാൻ സാധ്യതയുള്ള കൗൺസിലറെ ഡി.സി.സി നേതൃത്വം ചർച്ചക്ക് വിളിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നാണ് അറിയുന്നത്.
നവകേരള സദസ്സിന്റെ സംഘാടന വേളകളിൽ പങ്കെടുത്തതിന് നേരത്തെ സസ്പെൻഷനിലായിരുന്ന കൗൺസിലർ ഷീബ ഡ്യൂറോമിനെതിരെയുള്ള നടപടി നേതൃത്വം പിൻവലിച്ചതിന് പിന്നിൽ നവകേരള സദസ്സിൽ പങ്കെടുക്കുമോയെന്ന നേതാക്കളുടെ ആശങ്ക മൂലമാണെന്നാണ് പ്രവർത്തകർക്കിടയിലെ സംസാരം. നവകേരള സദസ്സിന് ഒരുദിവസം മാത്രം ബാക്കിനിൽക്കെ തിരക്കിട്ട ചർച്ചകൾ നടക്കുന്നത് കോൺഗ്രസിനുള്ളിലാണെന്നതാണ് പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.