കൊച്ചി: ആരോഗ്യമുള്ള ജീവിതത്തിനായി ആരോഗ്യമുള്ള ചലനം എന്ന പ്രമേയവുമായി റിപ്പബ്ലിക് ദിനമായ ചൊവ്വാഴ്ച കൊച്ചിയിൽ മെട്രോ സൈക്ലോത്തൺ 2021 അരങ്ങേറും. കൊച്ചി മെട്രോയും കൊച്ചി സ്മാർട്ട് മിഷനും ചേർന്നാണ് വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൈക്ലോത്തൺ ഒരുക്കുന്നത്. പരിസ്ഥിതിസൗഹൃദവും സാമൂഹിക, സാമ്പത്തിക ഗുണങ്ങളുമുള്ള ഗതാഗത സംവിധാനത്തിനും മെച്ചപ്പെട്ട ആരോഗ്യത്തിനും സൈക്ലിളിങ് എന്ന സന്ദേശവുമായാണ് പരിപാടി.
ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ രാവിലെ 6.40ന് നടക്കുന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ഇതിെൻറ മുന്നോടിയായി വിശിഷ്ടാതിഥികൾ കലൂർ മെട്രോ സ്റ്റേഷനിൽനിന്ന് രാവിലെ 6.15ന് സ്റ്റേഡിയം മെട്രോ സ്റ്റേഷൻവരെ സൈക്കിൾ ഒാടിക്കും. സ്റ്റേഡിയം സ്റ്റേഷനിൽ തന്നെയാണ് സൈക്ലോത്തൺ ആരംഭിക്കുന്നതും അവസാനിക്കുന്നതും.
ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ എം.എൽ.എമാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, കലക്ടർ എസ്. സുഹാസ്, കമീഷണർ സി.എച്ച്. നാഗരാജു, സി.എസ്.എം.എൽ സി.ഇ.ഒ ജാഫർ മാലിക്, സിനിമ നടൻ ഉണ്ണി മുകുന്ദൻ തുടങ്ങിയവർ പങ്കെടുക്കും. സൈക്ലോത്തണിൽ പങ്കെടുക്കാൻ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിെൻറ വെരിഫിക്കേഷൻ അന്നു രാവിലെ 5.30 മുതൽ 6.30വരെ വേദിക്കരികിൽ നടക്കും. രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച നമ്പറും അംഗീകൃത തിരിച്ചറിയൽ രേഖയും ഹാജരാക്കുന്നവർക്കേ പരിപാടിയുടെ ടാഗ്, ടി ഷർട്ട് തുടങ്ങിയവ ലഭിക്കൂ.
11.9 കി.മീ ദൈർഘ്യമുള്ള സൈക്ലോത്തൺ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ, ബാനർജി റോഡ്, മാധവ ഫാർമസി ജങ്ഷൻ, എം.ജി റോഡ്, എസ്.എ റോഡ്, കലൂർ-കടവന്ത്ര റോഡ്, തമ്മനം-പുല്ലേപ്പടി റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ് എന്നിവയിലൂടെ ചുറ്റി സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ തന്നെയെത്തും വിധമാണ് ക്രമീകരിച്ചത്. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കെല്ലാം ലക്കി ഡ്രോയിൽ വിജയികളാവാനും കെ.എം.ആർ.എൽ, പെഡൽ ഫോഴ്സ്, ദ ബൈക്ക് സ്റ്റോർ തുടങ്ങിയവയുടെ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടാനും അവസരമുണ്ട്.
പങ്കാളിത്ത സർട്ടിഫിക്കറ്റ്, കുടിവെള്ളം, പ്രഭാതഭക്ഷണം, ലഘുഭക്ഷണം തുടങ്ങിയവയും പങ്കെടുക്കുന്നവർക്ക് ലഭിക്കും. രാജഗിരി ആശുപത്രിയുടെ ഹീൽ, നിള കാറ്ററേഴ്സ്, മലയാളം മോട്ടോർസ് തുടങ്ങിയവരുമായി സഹകരിച്ചാണ് ഇത് ഒരുക്കുന്നത്.
സൈക്ലത്തോണിൽ പങ്കെടുക്കാനെത്തുന്നവർക്കായി മെട്രോ ചൊവ്വാഴ്ച പ്രത്യേക ട്രെയിനുകൾ ഓടിക്കും. സൈക്കിൾ ഉൾെപ്പടെ ആലുവ മെട്രോ സ്റ്റേഷനിൽനിന്ന് 5.30നും 5.45നുമാണ് പ്രത്യേക ട്രെയിനുകൾ പുറപ്പെടുക. ഇവ യഥാക്രമം 5.57നും 6.09നും സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെത്തും. പേട്ട മെട്രോ സ്റ്റേഷനിൽനിന്ന് 5.30നും 5.45നും ട്രെയിനുകളുണ്ട്. ഇവ 5.56നും 6.07നുമാണ് എത്തിച്ചേരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.