കാഴ്ചയില്ലാത്തവരുടെ ലോകം അനുഭവിക്കാൻ ഡാർക് റൂം

കൊച്ചി: തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന റോഡ്. റോഡരികിൽ കയ്യിൽ ഒരു വടിയുമേന്തി വഴി മുറിച്ചു കടക്കാനാവാതെ ബുദ്ധിമുട്ടുന്ന ഒരു അന്ധൻ. ഇത്തരത്തിൽ ഒരു രംഗം കാണാത്തവരായി ആരും ഉണ്ടാകില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ അവരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ മത്സരിക്കുന്നവർ സ്ഥിരം കാഴ്ചയാണ്. എന്നാൽ അത്തരമൊരു സ്ഥിതി നമുക്ക് വന്നാലോ?

കാഴ്ച ശക്തിയില്ലാത്തവരുടെ ലോകം അനുഭവിക്കാനുള്ള വഴിയൊരുക്കുന്നതാണ് പെരുമ്പാവൂർ പാലക്കാട്ട് താഴത്ത് ഒരുക്കിയിട്ടുള്ള ഡാർക് റൂം. കെ.എൻ.എം മുജാഹിദ് സമ്മേളനത്തിൻ്റെ ഭാഗമായി നടത്തുന്ന 'ദ മെസേജ്' മെഡിക്കൽ എക്സിബിഷനിലെ "ഇരുട്ട് മുറി" കാണാൻ ആയിരക്കണക്കിന് പേരാണ് ദിനംപ്രതി എത്തുന്നത്.

ഒന്നും കാണാൻ കഴിയാത്ത ഇരുട്ടുമുറിയിലൂടെ എട്ട് മിനുട്ട് നീണ്ട യാത്രയിൽ കാട്ടിലൂടെയും കടൽതീരത്ത് കൂടെയും തിരക്കുപിടിച്ച റോഡിലൂടെയും കൂകി പായുന്ന തീവണ്ടിക്ക് മുൻപിലൂടെയും നടക്കുന്നത് പ്രത്യേക അനുഭൂതിയാണ്. കാഴ്ച ശക്തി ഇല്ലല്ലോ എന്ന് വിലപിച്ച് നേരത്തെ നമ്മൾ കൈ പിടിച്ച് നടത്തിയ അന്ധനായ ആളാണ് അവിടെ വഴികാട്ടിയായി ഉണ്ടാകുക. അപകടം പിടിച്ച വഴിയിലൂടെ സുരക്ഷിതമായി കൈ പിടിച്ച് കൊണ്ടു പോകുന്നത് അവരായിരിക്കും.

താമരശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര വിഭാഗം അധ്യാപകനായ കോഴിക്കോട് സ്വദേശി കെ.എ. ഷിഹാബ്, എടവണ്ണപ്പാറ ചാലിയപ്പുറം ഗവൺമെൻറ് ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ ശംസുദ്ദീൻ, മലപ്പുറം സ്വദേശി കെ. ശംസുദ്ധീൻ എന്നിവരുടെ നേതൃത്വത്തിൽ 12 പേർ അടങ്ങിയ സംഘമാണ് ഡാർക് റൂമിൻ്റെ നെടുംതൂൺ. കെ.എൻ.എമ്മിന് കീഴിലുള്ള റിവാർഡ് എന്ന സംഘടനയിലെ അംഗങ്ങളായ ഇവർ നേരത്തെ ചന്തിരൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിജയകരമായി പരിപാടി അവതരിപ്പിച്ചിരുന്നു.


കാഴ്ച ശക്തിയില്ലാത്തവർക്ക് വേണ്ടിയുള്ള ബ്രെയിലി ലിപിയെ കുറിച്ചും മൊബൈൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയ യന്ത്രങ്ങളും മുതൽ ബ്രെയിലി ലിപിയിൽ തയ്യാറാക്കിയ ഖുർആൻ വരെ ഇവിടെ പ്രദർശിപ്പിച്ചുണ്ട്. ചെസ്, ലൂഡോ, പാമ്പും കോണിയും തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

പെരുമ്പാവൂർ പാലക്കാട്ടുതാഴം സലഫി നഗറിൽ ഞായറാഴ്ച രാവിലെ മുതൽ നടക്കുന്ന മുജാഹിദ് ജില്ല സമ്മേളനത്തോടനുബന്ധിച്ചാണ് എക്സിബിഷൻ നടത്തുന്നത്. സമ്മേളനത്തിൽ രാഷ്ട്രീയ സാംസ്കാരിക മത രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രപഞ്ചത്തെ കുറിച്ചും തലച്ചോർ, ഹൃദയം, കരൾ തുടങ്ങി മനുഷ്യ ശരീരത്തിലെ സുപ്രധാന അവയവങ്ങളെ കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും പുകവലി ഉൾപ്പെടെയുള്ളവയുടെ ദൂഷ്യ ഫലങ്ങളും വിശദീകരിക്കുന്ന സ്റ്റാളുകൾ ഉൾപ്പടെയാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രദർശനം ശനിയാഴ്‌ച രാത്രിയോടെ അവസാനിക്കും.

Tags:    
News Summary - Dark room to experience the world of the blind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.