കീഴ്മാട്: ജൽ ജീവൻ പദ്ധതിയുടെ പണികളുമായി ബന്ധപ്പെട്ട് കുട്ടമശേരി മേഖലയിൽ ദുരിതം ഒഴിയുന്നില്ല. ആലുവ - മൂന്നാർ ദേശസാൽകൃത റോഡിലാണ് പണികൾ നടക്കുന്നത്.ചാലക്കൽ പകലോമറ്റം മുതൽ തോട്ടുമുഖംവരെ പൈപ്പിടൽ നടന്നിരുന്നു. ജെ.സി.ബി ഉപയോഗിച്ച് റോഡിന്റെ ഇരുവശവും താഴ്ത്തി മണ്ണെടുത്താണ് പൈപ്പിട്ടത്. ഇവിടെയെല്ലാം മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാൽ, മണ്ണിട്ട് മൂടിയതിലെ അപാകത അടക്കം പ്രശ്നങ്ങൾ നാട്ടുകാർക്കും യാത്രക്കാർക്കും തലവേദനയായി. കുഴികൾ കൃത്യമായി മൂടാത്തതും കാനകളും കനാലുകളും മണ്ണുവീണ് അടഞ്ഞതുമാണ് പ്രധാന പ്രശ്നം. കുട്ടമശേരി മേഖലയിലാണ് ഇതുമൂലം കൂടുതൽ പ്രതിസന്ധി.
കുട്ടമശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന് മുൻവശത്തേക്ക് തുറന്നിരിക്കുന്ന കലുങ്കികിനടിയിലൂടെ കഴിഞ്ഞദിവസം പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു.ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മരാമത്ത് പണിക്കിടെ അശാസ്ത്രീയമായി പൂർണമായും കരിങ്കൽ കെട്ടും സ്ലാബും പൊളിച്ചുമാറ്റിയാണ് പണികൾ നടത്തിയത്. ഇതുകാരണം സമീപത്തുള്ള ഫ്ലാറ്റിലെയും നൂറുകണക്കിന് വീടുകളിലെയും പറമ്പുകളിലെയും മഴവെള്ളം ഒഴുകി പോകാൻ പറ്റാതെ കലുങ്കിന് സമീപം വെള്ളക്കെട്ടുണ്ടായി. സമീപത്തെ വീടുകളിലേക്ക് വെള്ളംകയറുകയും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമാണ്.
ശാസ്ത്രീയമായി കലുങ്കിന് മുകളിലൂടെ പൈപ്പിടാതെ കലുങ്ക് പൂർണമായും തകർത്ത് മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയാണ് കരാറുകാർ പണികൾ ചെയ്തത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇല്ലാതെയാണ് ഇത്തരം പ്രവൃത്തികൾ ഇവിടെ നടന്നത്. പൈപ്പിടൽ മൂലം കലുങ്കിനടിയിൽ മണ്ണ് നിറഞ്ഞ് തടസ്സപ്പെട്ടിരിക്കുന്നതിനാൽ പൂർണ്ണമായും കലുങ്ക് ഉപയോഗമല്ലാതായി.
കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം, പദ്ധതിക്ക് വേണ്ടി എടുക്കുന്ന കുഴികൾ അടച്ചുമൂടുമ്പോൾ സമീപത്തെ കാനകളും ജലസേചന കനാലുകളും ഇക്കൂട്ടത്തിൽ അടച്ചുമൂടപ്പെടുന്നുണ്ട്. കുട്ടമശ്ശേരി സ്കൂളിന് മുന്നിൽ പൈപ്പിട്ട് മൂടിയ ഭാഗങ്ങളിൽ മണ്ണ് താഴ്ന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയിൽ മണ്ണ് താഴുകയും ഒലിച്ച് പോകുകയും ചെയ്തതോടെ ഇതിനോട് ചേർന്ന് പോകുന്ന വാഹനങ്ങൾ ചെളിയിൽ പുതഞ്ഞ് താഴ്ന്ന് പോകുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.