കാക്കനാട്: റോഡ് നിയമങ്ങൾ പാലിക്കാതെ പറക്കുന്നവരെ നിയമം പഠിപ്പിക്കാൻ പുസ്തകം വായിപ്പിച്ച് എറണാകുളം ആർ.ടി ഓഫിസ്. അസി. കലക്ടറുടെ കാറിൽ ബസിടിപ്പിച്ച ഡ്രൈവർക്കും ഉടമക്കുമാണ് കഥയിലൂടെ നിയമങ്ങൾ പഠിപ്പിക്കുന്ന പുസ്തകം വായിക്കാൻ അധികൃതർ ‘ശിക്ഷ’ വിധിച്ചത്.
വരാപ്പുഴ-എറണാകുളം റൂട്ടിൽ സർവിസ് നടത്തുന്ന ബസിന്റെ ഡ്രൈവർക്കും ഉടമക്കുമാണ് വ്യത്യസ്തശിക്ഷ ലഭിച്ചത്. എറണാകുളം അസി. കലക്ടർ ഹർഷിൽ ആർ. മേത്തയുടെ കാറിന്റെ കണ്ണാടി തകർത്ത സംഭവത്തിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30ന് ഇടപ്പള്ളിയിലായിരുന്നു സംഭവം.
അസി. കലക്ടറുടെ കാർ ഇടപ്പള്ളി ബൈപാസ് ബസ്സ്റ്റാൻഡിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്ക് ബസോടിച്ച് വന്ന ഡ്രൈവർക്ക് ഇത് മൂലം സ്റ്റോപ്പിലേക്ക് കയറാനായില്ല. ഉള്ള വഴിയിലൂടെ ബസ് മുന്നിലേക്കെടുത്തപ്പോൾ വാതിൽ ഇടിച്ച് കാറിന്റെ കണ്ണാടി തകർന്നെങ്കിലും അസി. കലക്ടർ പരാതി നൽകിയിരുന്നില്ല.
സംഭവമറിഞ്ഞ എറണാകുളം ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ ബസ് ഡ്രൈവറെ ഓഫിസിൽ വിളിച്ചു വരുത്തി. തുടർന്ന് മുൻ ജോയന്റ് ആർ.ടി.ഒ ആദർശ് കുമാർ രചിച്ച ‘കഥയിലൂടെ കാര്യം’ എന്ന പുസ്തകം ഡ്രൈവർക്കും ബസ് ഉടമക്കും വായിക്കാൻ നൽകുകയായിരുന്നു.
ചെറുകഥകളിലൂടെ മോട്ടോർ വാഹന നിയമങ്ങൾ പഠിപ്പിക്കുന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പരാതിയില്ലാത്ത സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാതെ പുസ്തകം വായിക്കുന്ന ശിക്ഷ നൽകിയത്. 86 പേജുള്ള പുസ്തകം മുഴുവൻ വായിച്ചശേഷമാണ് ഇരുവരെയും വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.