മുളന്തുരുത്തി: എം.ജി സർവകലാശാല കലോത്സവത്തിൽ കേരളനടനം അവതരിപ്പിക്കാനായില്ലെന്ന പരാതിയുമായി മത്സരാർഥി. മൂവാറ്റുപുഴ നിർമല കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനി ശ്രീലക്ഷ്മി ജയചന്ദ്രനാണ്, ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
കലോത്സവത്തിന്റെ ഉദ്ഘാടന ദിവസം രാത്രി എട്ടിന് നിശ്ചയിച്ചിരുന്ന മത്സരത്തിന് നാലുമണിക്കൂർ മുമ്പേ എത്തിയെങ്കിലും മേക്കപ്പ് ചെയ്യുന്നതിന് റൂംപോലും അനുവദിച്ചില്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ഒരു മുറിയിൽ കയറി മേക്കപ്പിന് ഒരുങ്ങിയപ്പോൾ ഒരു സംഘം വിദ്യാർഥികളെത്തി ഭീഷണി മുഴക്കി പുറത്താക്കി. അവസാനം മെഴുകുതിരി വെളിച്ചത്തിൽ ഒരു വരാന്തയിലിരുന്ന് മേക്കപ്പ് ചെയ്ത് ചെയ്യുകയും ചെയ്തു. രണ്ടര മണിക്കൂർ വൈകി 10.30നാണ് മത്സരം ആരംഭിച്ചത്. എന്നാൽ, നേരം പുലരാറായിട്ടും മത്സരത്തിനുള്ള ഊഴം എത്തിയില്ല. പുലർച്ച മൂന്നോടെ തലകറക്കവും ഛർദിയും വന്നു.
സംഘാടകരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ മറ്റ് വിദ്യാർഥികൾ ജില്ല ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. തിരിച്ചെത്തിയപ്പോൾ അവസരം ലഭിച്ചില്ല. ക്ഷീണാവസ്ഥയിലായിരുന്ന തനിക്ക് വീട്ടിലേക്ക് മടങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂവെന്ന് ശ്രീലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ വർഷം പത്തനംതിട്ടയിൽ നടന്ന കലോത്സവത്തിൽ കേരള നടനം, ഭരതനാട്യം, കുച്ചിപ്പുടി ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. കാഞ്ഞിരമറ്റം പ്ലാപ്പിള്ളി പാലക്കാട്ട് വീട്ടിൽ ജയചന്ദ്രൻ - രാജി ദമ്പതികളടെ മകളാണ് ശ്രീലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.