കോതമംഗലം:19ാമത് ജില്ല സ്കൂൾ കായികമേളയിൽ കോതമംഗലത്തിന് കിരീടം. ദേശീയ സ്കൂൾ ചാമ്പ്യന്മാരായിരുന്ന സെന്‍റ് ജേർജ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 'മൊട്ടക്കൂട്ട'ങ്ങളില്ലാതെ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കോതമംഗലം ഉപജില്ല തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്.
45 സ്വർണം, 35 വെള്ളി, 17 വെങ്കലവുമായി 375 പോയന്‍റ് നേടിയാണ് ചാമ്പ്യൻനേട്ടം. 10 വീതം സ്വർണം, വെള്ളി, വെങ്കലം നേടി 93 പോയന്‍റ് നേടി അങ്കമാലി രണ്ടാം സ്ഥാനക്കാരായി.ഏഴ് സ്വർണം, ഒമ്പത് വീതം വെള്ളിയും വെങ്കലവുമായി 88 പോയന്‍റോടെ പിറവമാണ് മൂന്നാമത്. സ്കൂളുകളിൽ മാർ ബേസിൽ തങ്ങളുടെ തേരോട്ടം തുടരുകയായിരുന്നു. 21 സ്വർണം, 15 വെള്ളി, 11 വെങ്കലവുമായി 151 പോയന്‍റോടെ ഒന്നാമതെത്തി.
മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ് 12 സ്വർണം, 11 വെള്ളി, നാല് വെങ്കലവും നേടി 97 പോയന്‍റോടെ രണ്ടാമതെത്തി. അഞ്ച് സ്വർണം, ആറ് വീതം വെള്ളിയും വെങ്കലവുമായി 49 പോയന്‍റുമായി ജി.വി.എച്ച്.എസ്.എസ് മണീട് മൂന്നാം സ്ഥാനവും നേടി.മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഒ.എച്ച്.എസ് 41 പോയന്‍റ് നേടി നാലാം സ്ഥാനത്തും ഗവ. ഗേൾസ് എച്ച്.എസ് കൊച്ചി 31 പോയന്‍റുമായി അഞ്ചാം സ്ഥാനത്തുമെത്തി.
സബ് ജൂനിയർ ആൺകുട്ടികളിൽ കീരംപാറ സെന്‍റ് സ്റ്റീഫൻസ് എച്ച്.എസിലെ അലോഷ്യസ് ബോബൻ 10 പോയന്‍റ് നേടി ചാമ്പ്യനായി. പെൺകുട്ടികളിൽ 15 പോയന്‍റുമായി നായരമ്പലം ഭഗവതി വിലാസം എച്ച്.എസ്.എസിലെ അദബിയയും ചാമ്പ്യനായി.
ജൂനിയർ ആൺകുട്ടികളിൽ മാർ ബേസിലിലെ ജാസിം ജെ. റസാഖ് 15 പോയന്‍റുമായും പെൺകുട്ടികളിൽ മാതിരപ്പിള്ളിയിലെ ജാൻസ് ട്രിസ റെജിയും മാർ ബേസിലിലെ സി.ആർ. നിത്യയും ചാമ്പ്യന്മാരായി. സീനിയർ ആൺകുട്ടികളിൽ മാർ ബേസിലിലെ ജലൻ ജയൻ 11 പോയന്‍റും പെൺകുട്ടികളിൽ ജി.ജി.എച്ച്.എസ് കൊച്ചിയിലെ അലൻ മരിയ ജോൺ 15 പോയന്‍റും നേടി വ്യക്തിഗത ചാമ്പ്യന്മാരായി.
മീറ്റിലെ ഏക റെക്കോഡ് ഹാമർ ത്രോയിൽ മാതിരപ്പിള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ആൻ മരിയ ടെറിൻ സ്വന്തമാക്കി. സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.