അധികൃതരുടെ പിഴവ്; നിരപരാധികൾക്ക്​ പിഴ

കൊച്ചി: അനധികൃതമായി മാലിന്യം വലിച്ചെറിയുന്നവരെന്ന പേരിൽ നിരപരാധികൾക്ക് പിഴ നോട്ടീസ് നൽകുന്നത് പതിവാകുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വാഹന നമ്പറും മറ്റു വിവരങ്ങളും പകർത്തിയെഴുതുമ്പോൾ ഉദ്യോഗസ്ഥർക്ക് സംഭവിക്കുന്ന പിഴവുകളാണ് കാരണം. ചിലർ അനാവശ്യമായി പിഴയൊടുക്കി തടിയൂരുമ്പോൾ ചിലർ ബന്ധപ്പെട്ട തദ്ദേശ ഓഫിസുകളിലെത്തി അപാകത ചൂണ്ടിക്കാട്ടി ഒഴിവാകുകയാണ് ചെയ്യുന്നത്.

കൊച്ചി കോർപറേഷന്‍റെ പ്രധാന ഓഫിസുകളിൽനിന്നും മേഖല ഓഫിസുകളിൽനിന്നും ഇപ്രകാരം വിതരണം ചെയ്ത നോട്ടീസുകളിൽ ചിലത് നിരപരാധികളെയാണ് തേടിച്ചെല്ലുന്നത്.

തങ്ങൾക്ക് പരിചയംപോലുമില്ലാത്ത കിലോമീറ്ററുകൾക്കപ്പുറത്തെ സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയടക്കാൻ നിർദേശിച്ച് വരുന്ന നോട്ടീസുകൾ കണ്ട് പലരും അത്ഭുതപ്പെടുകയാണ്. വാഹന നമ്പർ വെച്ചാണ് തങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കി നടത്തുന്ന അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവാണ് നോട്ടീസിനിടയാക്കിയതെന്ന് തിരിച്ചറിയുന്നത്. തങ്ങളുടെ വാഹനമല്ല, കാമറയിൽ ഉൾപ്പെട്ടതെന്ന് ബോധ്യമാകുന്നത് നേരിട്ടുചെന്ന് അന്വേഷിക്കുമ്പോഴാണ്.

ദൃശ്യത്തിൽ കാണുന്ന വാഹനത്തിന്‍റെ നമ്പർ രേഖപ്പെടുത്തുമ്പോൾ ഒന്നോ രണ്ടോ നമ്പറുകൾ തെറ്റിപ്പോകുന്നതോടെയാണ് യഥാർഥ പ്രതിക്കുപകരം മറ്റാളുകളെ തേടി നോട്ടീസെത്തുന്നത്. പലപ്പോഴും ഉദ്യോഗസ്ഥരും നോട്ടീസ് ലഭിച്ചവരും തമ്മിലുള്ള സംഘർഷത്തിനും ഇത് ഇടയാക്കുന്നുണ്ട്.

Tags:    
News Summary - Fine for pollution issue in kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.