കൊച്ചി: കൊച്ചി േഗ്ലാബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി (ഗിഫ്റ്റ്) പദ്ധതിക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കും മുേമ്പ അയ്യമ്പുഴ പഞ്ചായത്തിൽ ഭൂമാഫിയയുടെ വിളയാട്ടം. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് കീഴിലെ ആദ്യസംരംഭമായി ആലുവയിൽ 220 ഹെക്ടറിൽ 1600 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത് ആഗസ്റ്റ് 27നാണ്. എന്നാൽ, രണ്ടുമാസം മുേമ്പ ഭൂമി ഇടനിലക്കാർ ഈ ഗ്രാമത്തിൽ പ്രദേശവാസികളെ സമീപിച്ച് ഭൂമി വിൽപനക്ക് സമ്മർദം തുടങ്ങി.
'പദ്ധതിക്കായി സർക്കാർ നിസ്സാര വിലയ്ക്ക് സ്ഥലം ഏറ്റെടുക്കുമെന്നും അതിനു മുേമ്പ തങ്ങൾക്ക് തന്നാൽ കൂടിയ വില നൽകാമെന്നും വാഗ്ദാനം ചെയ്തു. ഓരോ വീട്ടിലും കയറിയിറങ്ങി ഭൂമി വിൽക്കാൻ പ്രേരിപ്പിക്കുകയാണ്. അമ്പതോളം പേരടങ്ങുന്ന സംഘമാണ് മൂന്നുവാർഡിലായി കറങ്ങുന്നത്' -പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.
അയ്യമ്പുഴ പഞ്ചായത്തിലെ ആറ്, എട്ട്, ഒമ്പതു വാർഡുകളിൽ ഉൾപ്പെട്ട ഭൂമി ഏറ്റെടുക്കുമെന്നാണ് പ്രചാരണം. എന്നാൽ, ഔദ്യോഗികമായി ആരും ഇത് അറിയിച്ചിട്ടില്ല. ഒരു ആർ (2.476 സെൻറ്) ഭൂമിക്ക് സർക്കാർ ഏറ്റെടുത്താൽ 1.8 ലക്ഷം രൂപ മാത്രമേ നൽകൂവെന്ന് വീടുകളിൽ കയറിയിറങ്ങുന്ന ഇടനിലക്കാർ പറയുന്നു. ഇതിൽ കൂടിയ വില നൽകാമെന്നാണ് വാഗ്ദാനം. മൂന്ന് വാർഡിലുമായി 200ഓളം വീടുകൾ സ്ഥലത്തുണ്ട്.
റബർ തോട്ടങ്ങളും കൃഷിയിടങ്ങളും കഴിഞ്ഞാൽ അഞ്ചും പത്തും സെൻറുകളിൽ കഴിയുന്നവരാണ് പ്രദേശത്ത് ഏറെയും. ഇടനിലക്കാർ വിശ്വസിപ്പിക്കുന്ന തുച്ഛവിലയ്ക്ക് സ്ഥലം വിറ്റാൽ മറ്റൊരിടത്ത് വാങ്ങാൻ കഴിയില്ലെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അതേസമയം, കൃഷിയിടങ്ങൾ ഉൾപ്പെടുന്ന സ്ഥലം പദ്ധതിക്കായി കൈമാറാൻ തയാറാണ്, വൻതോതിൽ ഭൂമിയുള്ള മറ്റുള്ളവർ.
'വലിയൊരു സർക്കാർ പദ്ധതി വരുന്നുണ്ടെന്നും സ്ഥലം ഒരു സ്വകാര്യ ഏജൻസി ഏറ്റെടുക്കുമെന്നുമാണ് രണ്ടുമാസം മുേമ്പ എത്തിയ ഇടനിലക്കാർ പറഞ്ഞത്. ഞങ്ങൾ നേരിട്ട് സർക്കാറിന് ഭൂമി നൽകാമെന്ന് അവർക്ക് മറുപടി നൽകി. ഇടനിലക്കാർ ഇപ്പോഴും ചുറ്റിക്കറങ്ങുന്നുണ്ടെങ്കിലും സർക്കാർ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല' -മറ്റൊരു പ്രദേശവാസി പറയുന്നു.
കൊച്ചി വിമാനത്താവളത്തിൽനിന്ന് കാലടി, മഞ്ഞപ്ര വഴി 20 കിലോമീറ്റർ അകലെയാണ് അയ്യമ്പുഴ പഞ്ചായത്ത്. സർക്കാർ, സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതിക്ക് 10 വർഷംകൊണ്ട് 18,000 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യം. സാമ്പത്തിക ബിസിനസ് സെൻററായി വികസിക്കുന്നതിലൂടെ 1.20 ലക്ഷം പേർക്ക് പദ്ധതിവഴി നേരിട്ട് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയാറാക്കുന്നത് ഈമാസം തുടങ്ങി സ്ഥലമേറ്റെടുപ്പ് 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്ന് വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി അൽകേഷ് കുമാർ ശർമ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.