മട്ടാഞ്ചേരി: കപ്പലണ്ടിമുക്കിലെ സ്വർണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ. കൊല്ലം ചവറ സ്വദേശിനി അഭിരാമിയെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം. അഭിരാമിയും മറ്റൊരു സ്ത്രീയും ഒരു കൈക്കുഞ്ഞുമായി സ്ഥാപനത്തിൽ എത്തുകയും കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാനാണെന്ന് പറഞ്ഞ് മുക്കുപണ്ടം പണയപ്പെടുത്തി ഒരു ലക്ഷം രൂപയുമായി കടന്നുകളയുകയുമായിരുന്നു. കേസിലെ പരാതിക്കാരി ഒറ്റക്ക് ജോലി ചെയ്യുന്ന സ്ഥാപനമാണെന്ന് മനസ്സിലാക്കിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
സി.സി.ടി.വി ദൃശ്യങ്ങളുടെയും ഫോൺ വിവരങ്ങളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കേസിൽ പ്രതിക്കൊപ്പം സ്ഥാപനത്തിൽ എത്തിയ മറ്റൊരു സ്ത്രീയും ആസൂത്രകരായ രണ്ടുപേരും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.