കൊച്ചി: ജില്ലയിൽ ഞായറാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ തിങ്കളാഴ്ച പകലും നിർത്താതെ പെയ്തു. കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും കടലോര, മലയോര മേഖലകളിലുമെല്ലാം ശക്തമായ മഴയായിരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന ഏക ജില്ലയായിരുന്നു എറണാകുളം. പലയിടങ്ങളിലും കനത്ത കാറ്റിൽ മരങ്ങൾ കടപുഴകിയും പൊട്ടിയും വീണ് ഗതാഗത തടസ്സമുൾപ്പെടെ ഉണ്ടായി.
കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. തിങ്കളാഴ്ച ഉച്ചക്കുശേഷം ചെറിയ ശമനമുണ്ടായിരുന്നെങ്കിലും വൈകീട്ടോടെ നഗരത്തിൽ വീണ്ടും കനത്ത മഴ പെയ്തു. പശ്ചിമ കൊച്ചിയിലെ വിവിധ ഭാഗങ്ങളും വെള്ളത്തിലായി. രണ്ടിടങ്ങളിൽ മരം വീണു. കോസ്റ്റ്ഗാർഡ് വളപ്പിലെ മരം റോഡിലെ വൈദ്യുതി പോസ്റ്റിലേക്ക് വീണു. ഫോർട്ട്കൊച്ചി ബിഷപ് ഹൗസിലും മരച്ചില്ല പൊട്ടിവീണു. എന്നാൽ, മലയോര മേഖലയിൽ കാര്യമായ നാശനഷ്ടമോ വെള്ളക്കെട്ടോ ഉണ്ടായില്ല.
പുത്തൻകുരിശ് പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് പൊലീസുകാരുടെ കാറുകൾ മരം വീണ് തകർന്നു. സ്റ്റേഷന് മുന്നിലെ പാലമരത്തിന്റെ വലിയ ചില്ലയാണ് കാറിലേക്ക് വീണത്.
കെ.എസ്.ആർ.ടി.സിയും സൗത്തും വെള്ളത്തിൽ
ഒരു ചെറിയ മഴ മതി എറണാകുളം നഗരത്തിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡും സൗത്ത് റെയിൽവേ സ്റ്റേഷനും വെള്ളത്തിലാകാൻ. ആ പതിവ് തിങ്കളാഴ്ചത്തെ കനത്ത മഴയിലും തെറ്റിയില്ല. ഇവിടങ്ങൾ ഉച്ചയോടെതന്നെ വെള്ളക്കെട്ടിലായിരുന്നു. ഇതുമൂലം ട്രെയിനിലും ബസുകളിലും വന്നിറങ്ങിയ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി.
നഗരത്തിൽ വിവിധയിടങ്ങളിൽ മരച്ചില്ലകൾ പൊട്ടി വീണു. തൊട്ടടുത്ത വളപ്പിലെ മരം എറണാകുളം എസ്.ആർ.വി സ്കൂളിനു മുകളിലേക്ക് വീണെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല. ഫോർഷോർ റോഡിൽ മരച്ചില്ല കാറിനുമുകളിൽ വീണു. വൈകീട്ട് മൂന്നോടെയാണ് സംഭവം.
നായരമ്പലം വെളിയത്താംപറമ്പ് ഭാഗത്ത് വീണ്ടും രൂക്ഷമായ കടൽക്ഷോഭമാണ് ഉണ്ടായത്. കടലേറ്റത്തെ പ്രതിരോധിക്കാനായി സ്ഥാപിച്ച മണൽവാട തകർന്ന് നിരവധി വീടുകളിലേക്കാണ് വെള്ളം കയറിയത്.മുപ്പതോളം വീടുകൾ വെള്ളത്തിലായി. ഓഖിക്കുശേഷം ഇവിടെ പൂർണമായും കടൽഭിത്തി തകർന്ന നിലയിലാണ്. മഴക്കാലത്ത് മണൽവാടയും ജിയോ ബാഗും വെച്ചാണ് താൽക്കാലികമായി പ്രതിരോധം തീർക്കാറുള്ളത്. ഈ സീസണിൽ രണ്ടാംതവണയാണ് മണൽവാട തകർന്ന് വെള്ളം കയറുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കലക്ടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലെയും കൺട്രോൾ റൂമുകളിൽ വാഹനം ഉൾപ്പെടെ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ നാലുപേർ അടങ്ങുന്ന സ്ക്വാഡ് രൂപവത്കരിക്കുന്നതിന് ബന്ധപ്പെട്ട തഹസിൽദാർമാർക്ക് നിർദേശം നൽകി.
ക്വാറി പ്രവർത്തനങ്ങൾ മഴ മാറിയ ശേഷവും 24 മണിക്കൂർ വരെ കാലയളവിൽ നിർത്തിവെക്കണം. മലയോര മേഖലകളിലെയും ജലാശയങ്ങളിലെയും വിനോദസഞ്ചാരം നിയന്ത്രിക്കുന്നതിന് വനം വകുപ്പും ഡി.ടി.പി.സിയും ആവശ്യമായ നടപടി സ്വീകരിക്കണം. കരയിലെയും കടലിലെയും മത്സ്യബന്ധനം നിരോധിക്കണം. ട്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും ആവശ്യമായ മുറക്ക് സജ്ജീകരിക്കുന്നതിന് ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.
ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ സജ്ജമാക്കണം. താലൂക്ക് തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ എന്നിവർ കെട്ടിടങ്ങളുടെ താക്കോൽ കൈവശം സൂക്ഷിക്കണം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകേണ്ടതും നിർബന്ധമായും മാറ്റിപ്പാർപ്പിക്കേണ്ടതുമാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര വില്ലേജുകൾ, താഴ്ന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ, കോളനിവാസികൾ, പുഴ പുറമ്പോക്ക്, കനാൽ പുറമ്പോക്ക്, ഹൗസിങ് കോളനികൾ, പിന്നാക്കാവസ്ഥയിലുള്ള ജനങ്ങൾ എന്നിവരെ നിർബന്ധമായും ക്യാമ്പിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണം.
സാമൂഹിക /പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും 24 മണിക്കൂർ പ്രവർത്തിക്കേണ്ടതും എമർജൻസി ലൈഫ് സപ്പോർട്ട് നൽകാൻ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കേണ്ടതുമാണ്. താലൂക്ക് തലത്തിൽ ഓരോ എമർജൻസി മെഡിക്കൽ ടീമിനെയും തയാറാക്കണം. ഏഴു താലൂക്കുകളിലും 100 കിലോഗ്രാം വീതം അരി, 50 കിലോഗ്രാം പയർ, 10 ലിറ്റർ എണ്ണ, 75 ലിറ്റർ മണ്ണെണ്ണ എന്നിവ ആവശ്യംവന്നാൽ ഉപയോഗിക്കുന്നതിന് കരുതണം. സുരക്ഷിതമല്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെ ക്യാമ്പിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി തകരാറുകൾ സംഭവിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് വൈദ്യുതി വകുപ്പിന് നിർദേശം നൽകി.
വൈദ്യുതി വകുപ്പിന് കീഴിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിപ്പിക്കണം. പൊതുജനങ്ങൾ പരമാവധി വീട്ടിൽ തന്നെ കഴിയാനും പ്രളയ, മണ്ണിടിച്ചിൽ മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ പുഴകളിലും തോടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.